കാസർകോട്: പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ കോടതി ഇന്ന് വിധി പറയും.
കൊച്ചി സിബിഐ കോടതിയാണ് കേസിൽ വിധി പറയുക. മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനും സിപിഎം നേതാക്കളുമടക്കം കേസിൽ 24 പ്രതികളാണുള്ളത്.
2019 ഫെബ്രുവരി 17ന് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. 270 സാക്ഷികളാണ് കേസിലുള്ളത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് ആണ് കേസ് അന്വേഷിച്ചത്. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്.
ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പ്രതികളെ ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത് ലാലിനെന്റെയും കുടുംബം ഹൈക്കോടതിയെ സമീപിച്ചു.
കേസിൽ ക്രൈംബ്രാഞ്ച് ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്ന നിരീക്ഷണത്തോടെയായിരുന്നു കേസ് സിബിഐ ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. പിന്നീട് ഈ ഉത്തരവ് ചോദ്യം ചെയ്ത് ഡിവിഷൻ ബെഞ്ചിനെയും സുപ്രിംകോടതിയെയും സമീപിച്ചെങ്കിലും സംസ്ഥാന സർക്കാർ തിരിച്ചടി നേരിട്ടു.
സിബിഐ സംഘം കേസ് ഏറ്റെടുത്ത് അന്വേഷണം തുടരുന്നതിനിടയിൽ മുൻ ഉദുമ എംഎൽഎ കെ.വി കുഞ്ഞിരാമൻ അടക്കം 10 പേരെ കൂടി പ്രതി ചേർത്തു. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എ. പീതാംബരനാണ് ഒന്നാംപ്രതി. ഉദുമ മുൻ ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ, പെരിയ മുൻ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ, പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി അടക്കമുള്ള നേതാക്കളും പ്രതികളാണ്.
കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിച്ചതിനാണ് മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ പ്രതിയായത്.
ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം 2021 ഡിസംബറിലാണ് കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് 154 പേരുടെ സാക്ഷി വിസ്താരത്തിനൊടുവിലാണ് അന്തിമവാദം പൂർത്തിയാക്കിയത്. കൊച്ചി സിബിഐ കോടതിയിലെ ജഡ്ജി ശേഷാദ്രിനാഥനാണ് കേസിൽ വിധി പറയുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്