കാക്കനാട്: ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ പരിഷ്‌ക്കരിച്ച ലോഗോ പ്രകാശനം ചെയ്തു. മിഷൻ ലീഗിന്റെ പ്രവർത്തനങ്ങൾ വിവിധ രാജ്യങ്ങളിൽ വ്യാപിച്ച്, ഒരു അന്താരാഷ്ട്ര അത്മായ സംഘടനയായി ഉയർന്നതിനെ തുടർന്നാണ് ലോഗോ പരിഷ്‌ക്കരിച്ചത്.
സിറോ മലബാർ സഭയുടെ ദൈവവിളി കമ്മീഷൻ ചെയർമാനും ചെറുപുഷ്പ മിഷൻ ലീഗിന്റെ സഹ രക്ഷാധികാരിയുമായ ബിഷപ്പ് മാർ ജോസഫ് അരുമച്ചാടത്ത് പുതിയ ലോഗോയുടെ പ്രകാശന കർമം നിർവഹിച്ചു. ദൈവവിളി കമ്മീഷൻ അംഗങ്ങളായ ബിഷപ്പ് മാർ വിൻസെന്റ് നെല്ലിപറമ്പിൽ, ബിഷപ്പ് മാർ മാത്യു നെല്ലിക്കുന്നേൽ, കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത്, മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാൻ, ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ, സുജി പുല്ലുകാട്ട്, ലുക്ക് പിണമറുകിൽ, സിസ്റ്റർ ജിൻസി ചാക്കോ എന്നിവർ സന്നിഹിതരായിരുന്നു.
സഭയുടെ പ്രേഷിത പ്രവത്തനങ്ങളെ പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെയും പി.സി എബ്രഹാം എന്ന കുഞ്ഞേട്ടന്റെയും നേതൃത്വത്തിൽ 1947 ഒക്ടോബർ മൂന്നിന് ആരംഭിച്ച മുന്നേറ്റമാണ് ചെറുപുഷ്പ മിഷൻ ലീഗ്. കേരളത്തിലെ ഭരണങ്ങാനത്ത് പ്രവർത്തനം ആരംഭിച്ച ഈ സംഘടന പിന്നീട് കേരളത്തിൽ ഉടനീളവും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും വളർന്നു പന്തലിച്ചു.
വർഷങ്ങൾക്കു ശേഷം ഇന്ത്യയുടെ വെളിയിൽ വിവിധ രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ച മിഷൻ ലീഗ്, ഇന്ന് അമേരിക്ക, കാനഡ, യു.കെ, അയർലണ്ട്, ഇറ്റലി, ജർമനി, ഓസ്‌ട്രേലിയ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. ചെറുപുഷ്പ മിഷൻ ലീഗി'ന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളോട് അനുബന്ധിച്ച് രണ്ട് വർഷം മുൻപാണ് ഔദ്യോഗിക അന്തർദേശീയ സമിതിയെ തെരഞ്ഞെടുത്തത്.
സിജോയ് പറപ്പള്ളിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്