സി.പി.എം വഖഫ് വേദി പ്രസംഗത്തിൽ വഖഫ് ബോർഡ് അംഗവും സമസ്ത നേതാവുമായ ഉമർ ഫൈസി മുക്കത്തിനെതിരെ കടുത്ത വിമർശനവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. വഖഫ് വിഷയത്തിൽ ഉമർ ഫൈസി പൊതുസമൂഹത്തിൽ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും വഖഫ് ബോർഡിൽ ആർ.എസ്.എസുകാരെ നിയമിക്കാൻ ശ്രമിക്കുന്നുവെന്ന് തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്രം കൊണ്ടുവന്ന വഖഫ് നിയമം അംഗീകരിച്ചുകൊണ്ടാണ് എൽ.ഡി.എഫ് സർക്കാർ പുതിയ ബോർഡ് രൂപീകരിച്ചതെന്നും ബാക്കിയുള്ള രണ്ട് അംഗങ്ങളെ പിന്നീട് നിയമിക്കാമെന്ന് അവർ കോടതിയെ അറിയിക്കുകയായിരുന്നുവെന്നും നാസർ ഫൈസി ചൂണ്ടിക്കാട്ടി. ബോർഡിൽ രണ്ട് അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്നതിൽ എതിർപ്പില്ലെന്നാണ് ഉമർ ഫൈസി അടക്കമുള്ളവർ സുപ്രീം കോടതിയിൽ അറിയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
കോടതിയുടെ അന്തിമ വിധി വന്ന ശേഷമേ ഈ നിയമനങ്ങൾ പൂർത്തിയാക്കൂ എന്ന് സർക്കാരും വ്യക്തമാക്കിയിരുന്നതാണ്. യു.ഡി.എഫും മുസ്ലിം ലീഗും ആർ.എസ്.എസ് - കാസ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന ഉമർ ഫൈസിയുടെ പ്രചാരണം വിചിത്രമാണെന്ന് നാസർ ഫൈസി കൂട്ടിച്ചേർത്തു. വിഷയത്തിൽ ബി.ജെ.പി നേതാവ് ഷോൺ ജോർജ് സമർപ്പിച്ച ഹർജി തള്ളണമെന്നാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്.
കേന്ദ്ര നിയമവും കോടതി വിധിയും യു.ഡി.എഫ് പിന്തുണച്ചാൽ അത് ആർ.എസ്.എസിന് വഴങ്ങലാകുകയും, അതേകാര്യങ്ങൾ എൽ.ഡി.എഫും വഖഫ് ബോർഡും അംഗീകരിച്ചാൽ അത് ആർ.എസ്.എസിനെ പ്രതിരോധിക്കലാകുകയും ചെയ്യുന്നത് വിചിത്രമായ ന്യായീകരണമാണെന്ന് അദ്ദേഹം പരിഹസിച്ചു. വഖഫ് ബോർഡ് സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാടുകൾ മറച്ചുവെച്ച് വിചിത്രമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
