പാലക്കാട്: തൃത്താല മണ്ഡലത്തിലെ വികസന വിഷയങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാമിനെ വീണ്ടും പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ എം.ബി. രാജേഷ്.
വികസന കാര്യത്തിൽ തുറന്ന ചർച്ചയ്ക്ക് ക്ഷണിച്ചിട്ട് 24 മണിക്കൂർ പിന്നിട്ടിട്ടും മുൻ എംഎൽഎ കൂടിയായ ബൽറാം മൗനം പാലിക്കുകയാണെന്ന് രാജേഷ് കുറ്റപ്പെടുത്തി. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം വീണ്ടും വെല്ലുവിളി ആവർത്തിച്ചത്.
കഴിഞ്ഞ അഞ്ച് വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് കാർഡും അതിനു മുൻപുള്ള പത്ത് വർഷത്തെ യുഡിഎഫ് ജനപ്രതിനിധിയുടെ പ്രവർത്തന റിപ്പോർട്ടും മുൻനിർത്തി ചർച്ചയാകാമെന്നാണ് എം.ബി. രാജേഷിന്റെ നിലപാട്. മാർച്ച് 22-ന് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് അദ്ദേഹം ഈ വെല്ലുവിളി ആദ്യമായി ഉയർത്തിയത്.
മണ്ഡലത്തിന്റെ വികസന കാര്യത്തിൽ മുൻപ് തൃത്താലയെ പ്രതിനിധീകരിച്ചവർ ഒന്നും ചെയ്തിട്ടില്ലെന്നാണ് എം.ബി. രാജേഷിന്റെ പ്രധാന ആരോപണം. "തൃത്താലയിൽ നിന്ന് പോയ മൂന്ന് മുൻ മന്ത്രിമാരും അഞ്ച് വർഷം മുൻപത്തെ എംഎൽഎയും വികസന കാര്യത്തിൽ പരാജയമായിരുന്നു.
എന്റെ കാലയളവിൽ നടന്ന പ്രവർത്തനങ്ങൾ പരിശോധിച്ചാൽ അത് ആർക്കും വ്യക്തമാകും. രണ്ട് കാലഘട്ടങ്ങളിലെയും പ്രോഗ്രസ് റിപ്പോർട്ടുകൾ മുൻനിർത്തി ഒരു പരസ്യ സംവാദത്തിന് ഞാൻ തയ്യാറാണ്. ബഹുമാന്യനായ യുഡിഎഫ് സ്ഥാനാർത്ഥി ഇതിനോട് ഉടൻ പ്രതികരിക്കുമെന്ന് കരുതുന്നു." - എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
