പാലക്കാട്: പകുതി വിലയ്ക്ക് സ്‌കൂട്ടറും ലാപ്‌ടോപ്പും തയ്യല്‍മെഷീനും വിതരണം ചെയ്യുന്ന പദ്ധതിയില്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ കോഡിനേറ്റര്‍ അനന്തുകൃഷ്ണന്‍ പ്രചാരണം നടത്തിയത് പ്രമുഖ രാഷ്ട്രീയനേതാക്കളെ മറയാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവരുമായി പലപ്പോഴായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചാരണത്തിനും വിശ്വാസ്യതയ്ക്കും വേണ്ടി അനന്തു ഉപയോഗിച്ചത്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമൊത്തുള്ള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കോണ്‍ഫെഡറേഷന്‍ ജില്ലാ കമ്മിറ്റികളുടെ ലാപ്‌ടോപ്പ്, സ്‌കൂട്ടര്‍, തയ്യല്‍മെഷീന്‍ വിതരണ പരിപാടികളില്‍ അനന്തു എത്തുന്നതിനൊപ്പം രാഷ്ട്രീയ നേതാക്കളെയും ക്ഷണിച്ചിരുന്നു.
ആലപ്പുഴയില്‍ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെയും മുന്‍മന്ത്രി ജി. സുധാകരനെയും ക്ഷണിച്ചു. തുഷാര്‍ പരിപാടിക്കെത്തി. കോഴിക്കോട് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഉമാ തോമസ് എം.എല്‍.എയും പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടു. തിരുവന്തപുരത്ത് മന്ത്രി വി. ശിവന്‍കുട്ടിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും പങ്കെടുത്തിരുന്നു.
2022-ല്‍ കൊച്ചിയില്‍ കോണ്‍ഫെഡറേഷന്റെ സമ്മേളനം മന്ത്രി ആര്‍. ബിന്ദുവാണ് ഉദ്ഘാടനം ചെയ്തത്. ഹൈബി ഈഡന്‍ എം.പി, ഡീന്‍ കുര്യാക്കോസ് എം.പി എന്നവരും പങ്കെടുത്തിരുന്നു. മലപ്പുറം വേങ്ങരയില്‍ ലാപ്‌ടോപ്പ് വിതരണ പരിപാടയില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്തിരുന്നു. പദ്ധതിയുടെ വിശദാംശങ്ങളൊന്നും അറിയാതെ മിക്ക നേതാക്കളും പൊതുപരിപാടി എന്ന രീതിയിലാണ് പങ്കെടുത്തത്. വിവിധ ജില്ലകളില്‍ പ്രാദേശിക നേതാക്കളും കോണ്‍ഫെഡറേഷന്റെ പരിപാടികളിലെത്തിയിരുന്നു. തുടര്‍ന്ന് രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളെ സമീപിച്ചു.
'മാനുഷിക പരിമിതികളെ തരണംചെയ്യാം' വിശ്വാസ്യത ഊട്ടിയുറപ്പിക്കുന്ന ആകര്‍ഷമായ വാക്ക് പ്രചാരണ പരസ്യങ്ങളിലടക്കം ഉപയോഗിച്ച് കോണ്‍ഫെഡറേഷന്‍ വിവിധ ജില്ലകളിലായി പദ്ധതിയുടെ ഭാഗമാക്കിയത് 175 സന്നദ്ധസംഘടനകളെയാണ്. ഓരോ സംഘടനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടിലെത്തിക്കാന്‍ അമ്പതിലധികം ഇംപ്ലിമെന്റിങ് ഏജന്‍സികളും. ഗുണഭോക്താക്കള്‍ പരാതികളുമായെത്തിയതോടെ കോണ്‍ഫെഡറേഷനെതിരേ മുഖ്യമന്ത്രിക്ക് പരാതിനല്‍കാനൊരുങ്ങുകയാണ് സന്നദ്ധ സംഘടനകള്‍.
തട്ടിപ്പില്‍ സംസ്ഥാനത്താകെ എഴുപതോളം കേസുകള്‍ രജിസ്റ്റര്‍ചെയ്തു. രണ്ടായിരത്തോളം പരാതികള്‍ പരിശോധിച്ചാണ് ഇത്രയും കേസ് രജിസ്റ്റര്‍ചെയ്തത്. കൂടുതല്‍ പരാതികള്‍ വന്നുതുടങ്ങിയതോടെ ഇവകൂടി പരിശോധിച്ചശേഷമാകും അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുക. ഇതുവരെ നാലായിരത്തോളം പരാതികള്‍ വിവിധയിടങ്ങളിലായി ലഭിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളില്‍നിന്നാണ് കൂടുതല്‍ പരാതികള്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനന്തുകൃഷ്ണന്‍ സന്ദര്‍ശിച്ചത് തോന്നയ്ക്കല്‍ സായിഗ്രാമം സ്ഥാപകനും ചെയര്‍മാനുമായ ആനന്ദകുമാര്‍ വഴിയാണ്. 2024 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു ആനന്ദകുമാറിനൊപ്പം അനന്തുകൃഷ്ണന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റിന്റെ സംസ്ഥാന കോഡിനേറ്റര്‍ എന്ന നിലയിലായിരുന്നു സന്ദര്‍ശനാനുമതി ലഭിച്ചത്.
ട്രസ്റ്റിന്റെ പല പ്രവര്‍ത്തനങ്ങളിലും അനന്തുകൃഷ്ണന്റെ സാന്നിധ്യവുമുണ്ടായിരുന്നു. ചില സ്‌കൂട്ടര്‍വിതരണ ചടങ്ങുകളില്‍ ആനന്ദകുമാറും പങ്കെടുത്തിരുന്നു. സായിഗ്രാമത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ആനന്ദകുമാറിന് സന്നദ്ധസേവന രംഗത്ത് വിശ്വസനീയതയുണ്ട്. ആനന്ദകുമാറുമായുള്ള അടുപ്പം ഉപയോഗിച്ച് സ്‌കൂട്ടര്‍ പദ്ധതി കൂടുതല്‍ വിശ്വസനീയമാക്കാന്‍ അനന്തുകൃഷ്ണനും ശ്രമിച്ചിരുന്നു. ആനന്ദകുമാറിന്റെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷനെയും തട്ടിപ്പില്‍ അനന്തുകൃഷ്ണന്‍ പങ്കാളിയാക്കി. ആനന്ദകുമാര്‍ കോണ്‍ഫെഡറേഷന്റെ ചെയര്‍മാനും അനന്തുകൃഷ്ണന്‍ സെക്രട്ടറിയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്