നെയ്യാറ്റിന്‍കര/കൊച്ചി: നെടുമ്പാശേരിയില്‍ മദ്യലഹരിയില്‍ ആഡംബര കാറിടിച്ചു മൂന്ന് വിദ്യാര്‍ത്ഥികള്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി സുഹൈലിന്റെ രണ്ട് സുഹൃത്തുക്കള്‍ കൂടി പൊലീസിന്റെ പിടിയിലായി. ആലപ്പുഴ സ്വദേശികളായ ജോയല്‍ (19), അമീന്‍ (19) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതിയായ ആലപ്പുഴ ആലിശേരി സ്വദേശി സുഹൈല്‍ സജീവിനൊപ്പം അപകടസമയത്ത് ഇവര്‍ കാറിലുണ്ടായിരുന്നുവെന്നും, അപകടത്തിന് പിന്നാലെ മറ്റൊരു വാഹനത്തില്‍ ഇവര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഇവര്‍ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ വിമാനത്താവള റോഡില്‍ അത്താണിയിലുണ്ടായ അപകടത്തില്‍ കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് ഇബ്രാഹിം (21), വയനാട് കല്‍പറ്റ സ്വദേശി കെ.വി.ദേവിക (21), പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി എം.പി.ഗോപിക (21) എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തിന് കാരണം കാറിന്റെ അമിതവേഗതയാണെന്ന് മോട്ടര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിന്റെ ഇലക്ട്രോണിക്‌സ് കണ്‍ട്രോള്‍ മൊഡ്യൂള്‍ പരിശോധിച്ച് കൃത്യമായ വേഗത തിട്ടപ്പെടുത്താന്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിയുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും റൂറല്‍ എസ്.പി കെ.എസ് സുദര്‍ശന്‍ അറിയിച്ചു.
അതേസമയം നിയമപരമായ പ്രായപരിധിയായ 23 വയസ്സ് തികയാത്ത പ്രതി സുഹൈലിന് മദ്യം വിളമ്പിയ മൂന്ന് പ്രമുഖ ബാര്‍ ഹോട്ടലുകള്‍ക്കെതിരെ എക്‌സൈസ് വകുപ്പ് കര്‍ശന നടപടി തുടങ്ങി. വൈറ്റിലയിലെ ദയ ബൈ റിനൈ, പാലാരിവട്ടത്തെ മണ്‍സൂണ്‍ എംപ്രസ്, നെടുമ്പാശേരിയിലെ മാരിയറ്റ് എന്നീ ബാറുകള്‍ക്കെതിരെയാണ് എറണാകുളം ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതി ബാറുകളില്‍ നിന്ന് മദ്യം കഴിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ഫോണ്‍ ദൃശ്യങ്ങളും എക്‌സൈസ് ശേഖരിച്ചിട്ടുണ്ട്. ലൈസന്‍സ് നിബന്ധനകള്‍ ലംഘിച്ച് പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് മദ്യം നല്‍കിയതിന് ബാറുകള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും, കുറ്റക്കാരായ ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
