കൊച്ചി: സ്വര്‍ണത്തില്‍ ലാഭം കുറഞ്ഞതോടെ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഹൈബ്രിഡ് കഞ്ചാവിലേക്ക് ചുവടുമാറ്റുന്നതായി റിപ്പോര്‍ട്ട്. കേരളം ഹൈബ്രിഡ് ഹബ്ബായി മാറാന്‍ പോകുന്നു എന്നാണ് കസ്റ്റംസ് അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന.
രാജ്യത്ത് ഉല്‍പാദനമില്ലാത്ത ഹൈബ്രിഡ് കഞ്ചാവ്, തായ്‌ലാന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഇവിടെയെത്തിച്ച്, യുഎഇയിലേക്ക് അടക്കം കടത്തുന്നുണ്ട് എന്നാണ് വ്യക്തമാകുന്നത്. കൊച്ചി വിമാനത്താവളം വഴി റാസല്‍ ഖൈമയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്താനുള്ള ശ്രമം കൊച്ചി കസ്റ്റംസ് പ്രിവന്റീവ് പിടികൂടിയതോടെയാണ് സ്വര്‍ണക്കടത്ത് സംഘങ്ങളുടെ പുതിയ ഓപ്പറേഷനുകളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. യുഎഇയി മയക്കുമരുന്ന് കൈവശം വെച്ചാല്‍ വധശിക്ഷവരെ ലഭിക്കും.
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ജൂലായ് മുതല്‍ 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമാക്കിയിരുന്നു. ഇതോടെ സ്വര്‍ണക്കടത്തില്‍ ഒരു കിലോയ്ക്ക് ആറുലക്ഷം രൂപയ്ക്ക് മുകളില്‍ വരെ ലാഭം കിട്ടിയിരുന്നത് ഒരു ലക്ഷം വരെയായി കുറഞ്ഞു. കാരിയര്‍മാര്‍ക്കുള്ള കമ്മിഷനും വിമാനടിക്കറ്റിനുമുള്ള പണവുമടക്കം എടുക്കുന്ന റിസ്‌കിനുള്ള ലാഭം പോലും സ്വര്‍ണത്തില്‍ ഇല്ലാതായി. പ്രത്യേക അന്തരീക്ഷ ഊഷ്മാവില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ വിളവെടുക്കുന്നതാണ് മാരകലഹരിയുള്ള ഹൈബ്രിഡ് കഞ്ചാവ്. കിലോയ്ക്ക് ഒരു കോടി രൂപയാണ് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില.
യുഎഇയിലെ റാസല്‍ഖൈമയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ശ്രമിച്ച മലപ്പുറം സ്വദേശി ഷിബു അയ്യപ്പന്‍ (35) പിടിയില്‍. 5.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്. അന്താരാഷ്ട്ര വിപണിയില്‍ 5.5 കോടി രൂപ വിലവരും. ഇന്ത്യയിലേക്ക് കടത്തുന്നതല്ലാതെ ഇന്ത്യക്ക് പുറത്തേക്കുള്ള ഹൈബ്രിഡ് കഞ്ചാവുകടത്ത് പിടിക്കപ്പെടുന്നത് ആദ്യമായാണ്.
എമിഗ്രേഷന്‍ കഴിഞ്ഞശേഷം വിമാനത്തില്‍ റാസല്‍ഖൈമയിലേക്ക് പറക്കാനൊരുങ്ങിയ പ്രതിയെയാണ് പിടികൂടിയത്. ട്രോളി ബാഗില്‍ പലഹാരപ്പൊതികള്‍ക്കിടയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്