കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരെ നഴ്സുമാരുടെ സമര പന്തലിൽ നിന്ന് കൂകി വിളി ഉയർന്ന സംഭവത്തിൽ ക്ഷമ ചോദിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതാവ് ജാസ്മിൻ ഷാ.
കൂകി വിളിച്ചതുമായി ബന്ധപ്പെട്ട് സമരക്കാരോട് താൻ സംസാരിച്ചിരുന്നു. ആരോ കൂകി, അത് മറ്റുള്ളവർ ഏറ്റുപിടിച്ചു എന്നതാണ് മനസിലായത്. ചിലർ അത് വാർത്തയാക്കുകയായിരുന്നുവെന്നും ജാസ്മിൻ ഷാ പറഞ്ഞു.
ആ കൂകി വിളിക്ക് നിങ്ങൾ അർഹനല്ലെന്നും തീർത്തും ഒഴിവാക്കേണ്ട നടപടിയായിരുന്നു അതെന്നും പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു ജാസ്മിൻ ഷായുടെ പ്രതികരണം.
ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം
പ്രിയ മന്ത്രി ശ്രീ.മുഹമ്മദ് റിയാസ്,
നിങ്ങൾ ആ കൂകി വിളിക്ക് അർഹനല്ല.
ഞങ്ങളുടെ സമരം നടക്കുന്ന കോഴിക്കോട് കളക്ട്രേറ്റിന് മുന്നിലൂടെ താങ്ങളുടെ യാത്ര കടന്നു പോകുമ്പോൾ സമരപന്തലിലെ എൻ്റെ സഹപ്രവർത്തകർ താങ്ങളെ കൂകി വിളിച്ച വാർത്ത ചില ചാനലുകളിലൂടെ ഞാൻ കണ്ടു. തീർത്തും ഒഴിവാക്കേണ്ട നടപടിയായിരുന്നുവത്. ഈ വിഷയത്തെ കുറിച്ച് ഞാൻ ഓരോ സമര ഭടന്മാരോടും ഞാൻ അന്വേഷിച്ചപ്പോൾ ആരോ കൂകി അത് മറ്റുള്ളവർ ഏറ്റുപിടിച്ചു എന്നതാണ് മനസിലായത്. ചിലർ അത് വലിയ വാർത്തയാക്കി.
തിരുവനന്തപുരത്ത് മാർച്ച് 4 ന് നടക്കാൻ പ്ലാൻ ചെയ്തിരുന്ന നഴ്സുമാരുടെ കൺവെൻഷന് ടൂറിസം വകുപ്പ് നിശാഗന്ധി ഓപ്പൺ ഓഡിറ്റോറിയം അനുവദിച്ചിരുന്നു. എന്നാൽ സമരത്തിൻ്റെ തലേ ദിവസം ടൂറിസം വകുപ്പ് ഞങ്ങൾക്ക് അനുമതി നിഷേധിച്ചു. എന്നാൽ നിഷേധിച്ചത് ആരോഗ്യ മന്ത്രിയുടെയും അവരുടെ ഓഫീസിൻ്റെയും ഇടപെടൽ മൂലമാണ് എന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ഞങ്ങളെ അറിയിച്ചിരുന്നു. ഇത് പ്രകാരമാണ് സെക്രട്ടേറിയേറ്റ് സമരത്തിൽ രൂക്ഷമായ പ്രതികരണം ഞങ്ങളുടെ ഭാഗത്ത് നിന്നും ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ ഉണ്ടായത്. ഇക്കാര്യങ്ങൾ ഒന്നും അറിയാത്തവരായിരുന്നു പ്രവർത്തകരിൽ ഭൂരിഭാഗവും. സൈബർ പോരാളികളായ ചിലർ മാനേജ്മെൻറുകളേക്കാൾ ശകതമായ രീതിയിൽ എനിക്കെതിരെയും, യുഎൻഎക്കെതിരെയും ആക്രമണങ്ങൾ നടത്തുന്നത് സംഘടനാ അംഗങ്ങൾക്കുള്ളിൽ ശകതമായ എതിർപ്പ് ആ പാർട്ടിക്കെതിരായി ഉണ്ടാകുന്നുണ്ട്. അത് ഒരു പ്രതിഷേധമായി ഭൂരിപക്ഷം വനിതാ പ്രവർത്തകർക്കിടയിലേക്കും എത്തിയിട്ടുണ്ട്. അതവരിൽ ആ പാർട്ടിയിലെ നേതാക്കളോടുള്ള എതിർപ്പായി മാറുന്നുണ്ട്.
ഇത്തരം കാര്യങ്ങൾ ഉണ്ടായ സമയത്താണ് മന്ത്രി റിയാസിൻ്റ യാത്ര അത് വഴി കടന്നുപോവുകയും ആരോ ഒരാൾ ( സംഘടനക്ക് ഉള്ളിലുളള ആളല്ല ) കൂവുകയും അത് ഞങ്ങളുടെ പ്രവർത്തകർ ഏറ്റ് കൂവുകയും മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തത്. ഞാൻ കോഴിക്കോട് എത്തിയ സമയത്ത് തന്നെ മാധ്യമ പ്രവർത്തകർ ഇക്കാര്യം ചോദിക്കുകയും സംഘടനാ നയം വ്യക്തമാക്കുകയും ചെയ്തിരുന്നു. എൻ്റെ പ്രവർത്തകരുടെ ഭാഗത്ത് നിന്നും അങ്ങേക്ക് ഉണ്ടായ വൈഷമ്യത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഞാൻ ഏറ്റെടുത്ത് അങ്ങയോട് ക്ഷമ ചോദിക്കുന്നു.
സ്നേഹത്തോടെ,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
