കോഴിക്കോട്: മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി കാരന്തൂരിലെ മർകസ് സെൻട്രൽ ക്യാമ്പസിൽ വിവിധ ആഘോഷ പരിപാടികൾ നടന്നു. വർണ വിളക്കുകളാൽ ക്യാമ്പസ് അലങ്കരിച്ചും സന്ദേശ റാലി സംഘടിപ്പിച്ചും മധുരവും സുഗന്ധവും വിതരണം ചെയ്തുമാണ് വിദ്യാർത്ഥികളും ജീവനക്കാരും നബിദിനത്തെ വരവേറ്റത്. പുലർച്ചെ തിരുനബിയുടെ പിറവി നേരത്ത് മസ്ജിദുൽ ഹാമിലിയിൽ നടന്ന പ്രഭാത മൗലിദ് സദസ്സിന് മർകസ് സാരഥി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. രാവിലെ സഖാഫത്തുൽ ഇസ്‌ലാം മദ്‌റസയിൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് പതാകയുയർത്തി. ശേഷം വിദ്യാർത്ഥികളും രക്ഷിതാക്കളും അണിനിരന്ന സന്ദേശ റാലി നടത്തി. ദഫ്, സ്‌കൗട്ട്, അറബന സംഘങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ഉറുദു കാവ്യങ്ങൾ ആലാപനം ചെയ്ത് കശ്മീരി വിദ്യാർത്ഥികൾ പ്രത്യേക റാലിയും നടത്തി. മർകസ് മഹല്ല് അംഗങ്ങൾക്കായി വിഭവ സമൃദ്ധമായ അന്നദാനവും ഒരുക്കിയിരുന്നു.
സഖാഫത്തുൽ ഇസ്‌ലാം മദ്‌റസയിൽ 'അൽ മഹബ്ബ മീലാദ് ഫെസ്റ്റ് 'കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. മനുഷ്യനെ നവീകരിക്കാൻ പ്രാപ്തമായ സ്വഭാവ ശൈലികളും ജീവിത രീതികളുമാണ് പ്രവാചകൻ മുഹമ്മദ് നബി വിളംബരം ചെയ്തത്. സ്‌നേഹവും സാഹോദര്യവും സമത്വവും ഉദ്‌ഘോഷിക്കുന്ന നബി സന്ദേശങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാൻ വിശ്വാസികൾ ഉത്സാഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മദ്‌റസ വിദ്യാർത്ഥികളായ 200ഓളം മത്സരാർത്ഥികൾ പങ്കെടുത്ത ഫെസ്റ്റിൽ വിവിധ കലാ സാഹിത്യ പരിപാടികൾ അരങ്ങേറി. ഉദ്ഘാടന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി നബിദിന സന്ദേശം നൽകി. ഹാഫിള് മുബശ്ശിർ സഖാഫി അരീക്കോട് പ്രഭാഷണം നടത്തി. അബൂബക്കർ ഹാജി സബേര അധ്യക്ഷത വഹിച്ചു. നബിദിന ആഘോഷ പരിപാടികളിൽ അക്ബർ ബാദുഷ സഖാഫി, അബ്ദുറശീദ് സഖാഫി, ഷമീം കെ.കെ, ഹസീബ് അസ്ഹരി, ഇഖ്ബാൽ സഖാഫി, ഇമ്പിച്ചി അഹ്മദ്, ഉമർ നവാസ് ഹാജി, ഉസ്മാൻ സഖാഫി വേങ്ങര, ബശീർ എൻ.കെ, അശ്‌റഫ് എൻ.കെ, സാലിം സഖാഫി, സിദ്ധീഖ് സഖാഫി, സിറാജ് സഖാഫി, അലി മുഈനി, യാസർ സഖാഫി, ശിഹാബ് സഖാഫി, അഡ്വ. ശഫീഖ് സഖാഫി, ബിസ്മില്ലാ ഖാൻ, ജംഷീർ കെ. സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്