കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മുൻ പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ എം. പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ജസ്റ്റിസ് എ. ബദറുദീന്റെ ബെഞ്ചാണ് അപേക്ഷ പരിഗണിച്ച് തള്ളിയത്. കേസിൽ ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളും എസ്.സി/എസ്.ടി അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പ്രശോഭിനെതിരെ ചുമത്തിയിട്ടുണ്ട്.
പരാതി രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രശോഭ് ഒളിവിൽ പോയതായാണ് വിവരം. ജോലി നൽകാമെന്ന വാഗ്ദാനത്തിലൂടെയാണ് യുവതിയുമായി പരിചയം സ്ഥാപിച്ചതെന്നും, പിന്നീട് ഭീഷണിപ്പെടുത്തി പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.
അതിജീവിത മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കുമടക്കം പരാതി നൽകിയിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, പ്രമുഖ കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് സമ്മർദ്ദം ചെലുത്തിയതെന്നും യുവതി ആരോപിച്ചു.
സംഭവം പുറത്തുവന്നതോടെ കോൺഗ്രസ് നേതൃത്വം പ്രശോഭിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കൂടാതെ കുന്നത്തൂർമേട് നോർത്ത് വാർഡ് കൗൺസിലർ സ്ഥാനവും രാജിവെക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
