കൊച്ചി: ഷവര്‍മ അടക്കമുള്ള ആഹാര സാധനങ്ങള്‍ തയ്യാറാക്കിയതിന്റെ തിയതിയും സമയവും പാക്കറ്റുകളില്‍ കൃത്യമായി രേഖപ്പെടുത്തണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്. കാസര്‍കോട്ട് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിച്ച സംഭവത്തെത്തുടര്‍ന്ന് മാതാവ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്‍ ഉത്തരവിലെ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണം എന്ന് നിര്‍ദേശം മുന്നോട്ടുവച്ചത്.
മകളുടെ മരണത്തിന് കാരണം ബന്ധപ്പെട്ടവര്‍ കൃത്യമായ പരിശോധന നടത്തി ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതിനാലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഹര്‍ജി നല്‍കിയത് കണക്കിലെടുത്ത് കോടതി ചെലവായി 25,000 രൂപ ഹര്‍ജിക്കാരിക്ക് നല്‍കണമെന്നും ഉത്തരവിട്ടു. ഹര്‍ജി നല്‍കിയതിനെ അഭിനന്ദിക്കുകയും ചെയ്തു.
ഷവര്‍മ നിര്‍മിക്കുന്ന സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ നടത്തിയ പരിശോധനയില്‍ 12.43 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജിക്കാരിക്ക് നഷ്ടപരിഹാരം നല്‍കുന്നത്, കേസ് പരിഗണിക്കുന്ന കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് മാസത്തിനകം പരിഗണിക്കണം എന്നും കോടതി നിര്‍ദേശിച്ചു. 2022 മെയ് ഒന്നിനാണ് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് കുട്ടി മരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്