'സൈ്വര്യജീവിതത്തെ ബാധിക്കും, അവകാശബോധത്തോടെ ആ മണ്ണിലേക്ക് പോകരുത്': മുസ്ലിം ലീഗ് കൈമാറിയ പുനരധിവാസ ഭവനങ്ങളിലേക്ക് പ്രവേശന വിലക്ക്

MAY 2, 2026, 9:55 PM

മലപ്പുറം: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന്റെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് മുസ്ലിം ലീഗ് കൈമാറിയ സ്‌നേഹഭവനങ്ങളിലേക്ക് പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം നിരോധിച്ചു. സന്ദര്‍ശകരുടെ ആധിക്യം അവരുടെ സൈ്വര്യജീവിതത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് തീരുമാനം. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

മുസ്ലിംലീഗ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന്റെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് കൈമാറിയ സ്‌നേഹ ഭവനങ്ങളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം നിരോധിച്ചു. പദ്ധതി പ്രദേശത്തെ 51 വീടുകളാണ് ആദ്യ ഘട്ടത്തില്‍ കൈമാറിയത്. 105 വീടുകളില്‍ ബാക്കിയുള്ള വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 51 വീടുകളിലും കുടുംബങ്ങള്‍ താമസം ആരംഭിച്ച് കഴിഞ്ഞു. ഇതോടെ ഈ വീടുകളെല്ലാം ഗുണഭോക്താക്കളുടെ ഉടമസ്ഥതയിലാണ്.

അടുത്ത ബന്ധുക്കളല്ലാതെ മറ്റാരും വീടുകളിലേക്ക് കയറുന്നത് അനുവദിക്കില്ല. ബസ്സുകളിലും മറ്റും വിനോദസഞ്ചാരത്തിനെന്ന പോലെ പദ്ധതി പ്രദേശത്തേക്ക് എത്തി പലരും വീടുകളില്‍ കയറുന്നത് ഗുണഭോക്താക്കള്‍ക്ക് അലോസരം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഓരോ വീടുകളും ഗുണഭോക്താക്കളുടെ സ്വകാര്യ സ്വത്താണ്. വലിയ സൗകര്യങ്ങളില്‍ കഴിഞ്ഞ ദുരന്തബാധിതര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് മുസ്ലിം ലീഗ് വീടുകള്‍ കൈമാറിയത്.

സംഭവിച്ചതെല്ലാം മറക്കാന്‍ ശ്രമിച്ച് പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്ന അവരെ ഉരുള്‍പൊട്ടലിന്റെ കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നത് പലര്‍ക്കും മാനസികമായ ആഘാതം സൃഷ്ടിക്കുന്നുണ്ട്. സന്ദര്‍ശകരുടെ ആധിക്യം അവരുടെ സൈ്വര്യജീവിതത്തെ ബാധിക്കുന്നുണ്ട്. വീടുകള്‍ കൈമാറിയതോട് കൂടി നമ്മുടെ ഉത്തരവാദിത്തം കഴിഞ്ഞെന്നും ഏതെങ്കിലും തരത്തിലുള്ള അവകാശബോധത്തോടെ ആ മണ്ണിലേക്ക് ചവിട്ടിപ്പോകരുതെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അക്കാര്യം ഉള്‍ക്കൊണ്ട് പദ്ധതി പ്രദേശത്തേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണം. ഇന്ന് മുതല്‍ ആരെയും കടത്തിവിടാതെ കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തുന്നു.

അഡ്വ. പി എം എ സലാം

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam