കണ്ണൂർ: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിനെ സംബന്ധിച്ച് ഒന്നിന്‍റെയും അവസാനമല്ലെന്ന് പി. ജയരാജൻ. പാർലമെന്റിലും നിയമസഭയ്ക്കകത്തും പാർട്ടി നടത്തുന്ന ഇടപെടലുകൾ പുറത്തെ സമരങ്ങളുമായി ബന്ധപ്പെട്ടതാണെന്നും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ത്യാഗഭരിതമായ സമരചരിത്രമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കർഷക സമരങ്ങൾ പോലുള്ള പോരാട്ടങ്ങളാണ് രാജ്യത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതെന്നും, പാർലമെന്റിലെ അംഗബലം മാത്രം അതിന് കാരണമല്ലെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിനെതിരെ കർഷകർ നടത്തിയ സമരമാണ് മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തുമ്പോൾ വലതുപക്ഷ ശക്തികൾക്ക് മുന്നേറ്റമുണ്ടായതായി കാണാം. കേരളത്തിൽ ഇടതുപക്ഷത്തെ തോൽപ്പിച്ച് വിജയിച്ചവരിൽ കോൺഗ്രസും ലീഗുമാണ് പ്രധാന ഗുണഭോക്താക്കളെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ വലതുപക്ഷവത്കരണത്തിനെതിരെ ശക്തമായ സമരങ്ങൾ ഇടതുപക്ഷം ഏറ്റെടുക്കണമെന്നും, ബിജെപി നേടിയ നിയമസഭാ സീറ്റുകൾ അതിന്റെ മുന്നറിയിപ്പാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. ആർ.എസ്.എസ് ആശയപരമായ സ്വാധീനം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും അതിനെ ചെറുക്കേണ്ടത് ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് പഠിക്കേണ്ട പാഠങ്ങൾ പാർട്ടി തിരിച്ചറിയുന്നുണ്ടെന്നും, തെറ്റുതിരുത്തൽ പ്രക്രിയ തുടരേണ്ടതുണ്ടെന്നും ജയരാജൻ വ്യക്തമാക്കി. പാർട്ടി അനുഭാവികൾ അവരുടെ വിമർശനങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ അല്ല, പാർട്ടി നേതൃത്വത്തിനോട് നേരിട്ട് അറിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കയ്യൂർ, കരിവുള്ളൂർ, പുന്നപ്ര-വയലാർ സമരങ്ങളുടെ പാരമ്പര്യമുള്ള പ്രസ്ഥാനം ഏത് പ്രതിസന്ധിയെയും അതിജീവിക്കുമെന്ന ആത്മവിശ്വാസവും ജയരാജൻ പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
