പത്തനംതിട്ട: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന് പിന്നാലെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി വീണാ ജോർജിനുമെതിരെ രൂക്ഷവിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങൾക്കെതിരെ അംഗങ്ങൾ പരസ്യമായി രംഗത്തെത്തിയത്.
പ്രായപരിധിയിൽ ഇളവ് നേടി പാർട്ടിയെ വിജയത്തിലേക്ക് നയിക്കാനാണ് പിണറായി വിജയൻ മൂന്നാമതും മത്സരത്തിനിറങ്ങിയതെങ്കിൽ, പേരാവൂരിൽ കെ.കെ. ശൈലജയ്ക്ക് പകരം അദ്ദേഹം തന്നെ നേരിട്ട് മത്സരിക്കണമായിരുന്നുവെന്ന് കമ്മിറ്റിയിൽ വിമർശനമുയർന്നു.
ശൈലജയെ വിജയസാധ്യതയുള്ള മറ്റൊരു സീറ്റിലേക്ക് മാറ്റാമായിരുന്നു. പാർട്ടിയെ നയിക്കാൻ ഇറങ്ങിയ പിണറായി വിജയൻ നേരിട്ട് കടുത്ത മത്സരങ്ങളിൽ ഏർപ്പെടാൻ തയ്യാറാകാത്തതും ഭരണരംഗത്തെ ഗുരുതരമായ പോരായ്മകളുമാണ് പരാജയത്തിന് കാരണമായതെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും പിണറായി വിജയനെ വീണ്ടും പ്രതിപക്ഷ നേതാവ് എന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തേക്ക് കൊണ്ടുവന്നതിലും വലിയ രീതിയിലുള്ള അതൃപ്തി യോഗത്തിൽ ഉയർന്നു.
മുൻ മന്ത്രി വീണാ ജോർജിന്റെ പ്രവർത്തന ശൈലിക്കെതിരെയും പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ കടുത്ത അമർഷമാണുണ്ടായത്. മന്ത്രിയുടെ പ്രവർത്തനരീതി ജനങ്ങളിൽ നിന്നും പാർട്ടി അണികളിൽ നിന്നും അകന്നുപോകുന്ന തരത്തിലുള്ളതായിരുന്നു. പാർട്ടി പ്രവർത്തകർക്ക് പോലും അത്യാവശ്യ കാര്യങ്ങൾക്ക് ഫോണിൽ വിളിച്ചാൽ കിട്ടാത്ത രീതിയിലായിരുന്നു മന്ത്രിയുടെ ഇടപെടലുകൾ.
ഈ ജനവിരുദ്ധ സമീപനം തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായി. കൂടാതെ, ഭരിക്കുന്ന സമയത്ത് തുടർച്ചയായ വിവാദങ്ങളിൽ അകപ്പെട്ടതും അവയെക്കുറിച്ച് ജനങ്ങൾക്ക് കൃത്യമായ വിശദീകരണം നൽകാൻ കഴിയാതെ പോയതും വീണാ ജോർജിനെതിരെയുള്ള പ്രധാന പരാതികളായി യോഗം വിലയിരുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
