ഇടുക്കി: കട്ടപ്പനയിൽ ബാങ്കിനു മുന്നിൽ ജീവനൊടുക്കിയ നിക്ഷേപകന്‍ സാബുവിനെ സിപിഎം കട്ടപ്പന മുന്‍ ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്. സാബു അടിമേടിക്കുമെന്നാണ് സജി പറയുന്നത്.
കട്ടപ്പനയിലെ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കൂടിയാണ് വി ആർ സജി. താൻ ബാങ്കിൽ പണം ചോദിച്ച് എത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോൺ സംഭാഷണത്തിൽ പറയുന്നു.
ഭാര്യയ്ക്ക് യൂട്രസിന് പ്രശ്നമായി ആശുപത്രിയിലാണെന്നും രണ്ട് ലക്ഷത്തിലേറെ രൂപ വേണമെന്നും സാബു പറയുമ്പോഴാണ് ഭീഷണി. ബാങ്കിലെത്തിയ തന്നെ ബാങ്ക് ജീവനക്കാര്‍ ഉപദ്രവിച്ചുവെന്ന് പറയുമ്പോള്‍ അടി മേടിക്കേണ്ട സമയം കഴിഞ്ഞുവെന്നും മനസിലാക്കിത്തരാമെന്നുമാണ് ഭീഷണി. സജിയുടെ ഭീഷണിവാക്കുകള്‍ ഇങ്ങനെ..'ഈ മാസം നിങ്ങള്‍ക്ക് പകുതി പൈസ തന്നുകഴിഞ്ഞിട്ട് നിങ്ങള്‍ അവരെ പിടിച്ച് തള്ളി ഉപദ്രവിക്കേണ്ട കാര്യമെന്താ നിങ്ങള്‍ക്ക്? വിഷയമൊന്നും മാറ്റേണ്ട. നമ്മളിത് അറിഞ്ഞിട്ട് മിണ്ടാതിരിക്കുന്നതാണ്. നിങ്ങള്‍ അടി മേടിക്കേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്.
നിങ്ങള്‍ക്ക് പണി അറിയാന്‍മേലാഞ്ഞിട്ടാ. അത് മനസിലാക്കിത്തരാം. ഞങ്ങള്‍ ഭൂമിയോളം ക്ഷമിച്ചാ നില്‍ക്കുന്നേ. ഞങ്ങള്‍ നിങ്ങളുടെയൊക്കെ സ്ഥാപനത്തില്‍ തരാനുള്ള പൈസ തരാന്‍ വേണ്ട ആ പിള്ളാരെല്ലാം കയ്യും കാലുമിട്ട് എല്ലാ കാര്യങ്ങളും ചെയ്തോണ്ടിരിക്കുമ്പോ ..നിങ്ങടെ കുടുംബത്തില്‍ നിങ്ങള് പറഞ്ഞ കാര്യം അന്തസായി ഞങ്ങള്‍ ചെയ്തോണ്ടിരിക്കുവാ. പ്രസ്ഥാനത്തില്‍ ചെന്ന് അയാളെ ഉപദ്രവിക്കേണ്ട കാര്യമൊന്നുമില്ല' എന്നും സജി ഭീഷണിപ്പെടുത്തുന്നു.
കേസിൽ കട്ടപ്പന റൂറൽ ഡെവലപ്പ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. സാബു ബാങ്കിൽ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും. പ്രാഥമിക പരിശോധനയിൽ സാബുവും ജീവനക്കാരും തമ്മിൽ കയ്യേറ്റം ഉണ്ടായതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോൾ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്