നെഗറ്റീവ് ആയിട്ടും കോവിഡ് ചികിത്സ നടത്തി; അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

DECEMBER 27, 2024, 9:35 PM

മലപ്പുറം: കോവിഡ് നെഗറ്റീവാണെന്ന വിവരം മറച്ചുവെച്ച് ചികിത്സ നടത്തിയതിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കും ആശുപത്രിക്കും ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. ഊര്‍ങ്ങാട്ടിരിയിലെ കക്കാടംപൊയില്‍ മാടമ്പിള്ളിക്കുന്നേല്‍ സോജി റനി എറണാകുളത്തെ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കും എതിരേ നല്‍കിയ പരാതിയിലാണ് വിധി.

2021 മെയ് 26 ന് ചില ആരോഗ്യപ്രശ്‌നങ്ങളുമായാണ് പരാതിക്കാരി ഭര്‍ത്താവിനോടൊപ്പമെത്തി ആശുപത്രിയില്‍ ചികിത്സതേടിയത്. ഉടന്‍തന്നെ ആന്റിജന്‍ ടെസ്റ്റ് നടത്തി. ഫലം ഇന്‍ഡിറ്റര്‍മിനേറ്റഡ് എന്നായിരുന്നു. കോവിഡ് ഉണ്ടെന്നോ ഇല്ലെന്നോ പറയാനാകാത്ത സ്ഥിതിക്ക് ഉടന്‍തന്നെ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി. ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരുന്നൂവെങ്കിലും പരാതിക്കാരിയെ അറിയിച്ചില്ല. അതിതീവ്രപരിചരണ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. മൂന്നാം ദിവസം ഭര്‍ത്താവിനെക്കാണാന്‍ അവസരം ഉണ്ടായപ്പോഴാണ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് പരാതിക്കാരി അറിയുന്നത്. തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം ഡിസ്ചാര്‍ജ് വാങ്ങി മടങ്ങി.

രണ്ടാഴ്ചയ്ക്കുശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയപ്പോഴാണ് പരിശോധനയില്‍ കിഡ്‌നി സംബന്ധമായ അസുഖമാണെന്നും അതിന്റെ ലക്ഷണമാണ് ഡോക്ടര്‍ കോവിഡ് ലക്ഷണമായി കണക്കാക്കിയതെന്നും മനസിലാക്കിയത്.

കോവിഡ് രോഗലക്ഷണങ്ങള്‍ പരാതിക്കാരിക്ക് ഉണ്ടായിരുന്നുവെന്നും മരുന്നുകള്‍ നല്‍കിയത് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണെന്നും കോവിഡ് പരിശോധനാഫലം സംശയകരമാണെങ്കില്‍ നിശ്ചിത ഇടവേളയ്ക്കുശേഷം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ആവര്‍ത്തിക്കണമെന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും ഡോക്ടറും ആശുപത്രിയും കമ്മിഷനെ ബോധിപ്പിച്ചു.

എന്നാല്‍ നടത്തിയ പരിശോധനകളില്‍ ഒന്നും പരാതികാരിക്ക് രോഗമുള്ളതായി സ്ഥിരീകരിച്ചില്ലെന്നും മാരകമായ കോവിഡ് രോഗാവസ്ഥയിലുള്ള ഒരാള്‍ക്ക് മാത്രം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുള്ള മരുന്ന് പരാതിക്കാരിക്ക് നല്‍കിയതിന് യാതൊരു നീതീകരണവുമില്ലെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. കോവിഡ് ചികിത്സയ്ക്ക് സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രോട്ടോക്കോളിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച പ്രോട്ടോകോളിന്റെയും ലംഘനമാണ് ആശുപത്രിയില്‍ നടന്നത്.

ഈ സാഹചര്യത്തിലാണ് പരാതിക്കാരിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 25,000 രൂപയും നല്‍കുന്നതിന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്‍ വിധിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam