തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാർ ക്ലാസിഫിക്കേഷൻ ഇല്ലാത്ത ഹോട്ടലുകൾക്കും ബാർ ലൈസൻസ് നൽകാനുള്ള തീരുമാനത്തിലൂടെ ആസൂത്രിതമായി അഴിമതി നടത്തുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
തദ്ദേശ തിരഞ്ഞെടുപ്പ് മുൻ നിർത്തിയുള്ള പണപ്പിരിവാണ് സി.പി.എം നേതാക്കൾ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പാർട്ടിയുടെ കൂടി പിന്തുണയുള്ളതു കൊണ്ടാണ് സംസ്ഥാനത്തിന്റെ മദ്യ നയത്തിന് വിരുദ്ധമായ തീരുമാനത്തെ എക്സൈസ് മന്ത്രി ന്യായീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്ലാസിഫിക്കേഷൻ പരിശോധന കൃത്യസമയത്തു നടത്താത്തത് കേന്ദ്രത്തിന്റെ കുറ്റമാണെന്നും ലൈസൻസ് പുതുക്കി നൽകുമെന്നും പറയുന്നതിലൂടെ ഒരു നിയന്ത്രണങ്ങളും ഇല്ലാതെ സംസ്ഥാനത്ത് മദ്യം ഒഴുക്കുമെന്ന സന്ദേശമാണ് സർക്കാർ നൽകിയിരിക്കുന്നത്.
മനഃപൂർവം പരിശോധന വൈകിപ്പിക്കുന്ന 23 ഹോട്ടലുകൾക്ക് ബാർ ലൈസൻസ് പുതുക്കി നൽകരുതെന്നാണ് എക്സൈസ് കമ്മിഷണർ നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ അതിന് വിരുദ്ധമായ നിലപടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
അഴിമതി മാത്രം ലക്ഷ്യമിട്ട് കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നിയമവിരുദ്ധ നടപടികളിൽ നിന്നും സർക്കാർ പിൻമാറണം. സ്റ്റാർ പദവി ഇല്ലാത്ത ഹോട്ടലുകൾക്കും ബാറുകൾ അനുവദിച്ചാണോ സർക്കാർ സംസ്ഥാനത്ത് മദ്യവർജ്ജനം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്? അഴിമതിയുടെ കേന്ദ്രമായി എക്സൈസ് വകുപ്പ് മാറിയിരിക്കുകയാണ്. എക്സൈസ് വകുപ്പ് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതികളെ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിതയാറാകണമെന്നും വിഡി സതീശൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്