ഐ.എ.എസ് അഴിച്ചുപണിയില്‍ അതൃപ്തി പുകയുന്നതിനിടെ ഇന്ന് മന്ത്രിസഭാ യോഗം; മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും

MAY 24, 2026, 8:27 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റി നിയമിച്ചതില്‍ മന്ത്രിമാര്‍ക്കിടയില്‍ അതൃപ്തി പുകയുന്നതിനിടെ അടിയന്തര മന്ത്രിസഭാ യോഗം ഇന്ന് ചേരും. റവന്യൂ മന്ത്രി അറിയാതെയാണ് കളക്ടര്‍മാരെ മാറ്റിയതെന്നും വ്യവസായ സെക്രട്ടറിയുടെ നിയമനം വകുപ്പുമന്ത്രിയെ മുന്‍കൂട്ടി അറിയിച്ചില്ലെന്നുമാണ് പ്രധാന ആക്ഷേപം.

ഏതാനും ചില പ്രധാന ജില്ലകളിലെ കളക്ടര്‍മാരുടെ നിയമനത്തിലും ചില ഘടകകക്ഷി മന്ത്രിമാര്‍ പരസ്യമായിത്തന്നെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. സാധാരണയായി ബുധനാഴ്ചകളില്‍ ചേരാറുള്ള മന്ത്രിസഭായോഗം, ഇത്തവണ ബക്രീദ് അവധി പ്രമാണിച്ചാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. ഇന്നത്തെ യോഗത്തില്‍ ഉദ്യോഗസ്ഥ പുനസംഘടനയെച്ചൊല്ലി മന്ത്രിമാര്‍ക്കിടയില്‍ കടുത്ത ഭിന്നത ഉയര്‍ന്നേക്കുമെന്നാണ് സൂചന.

മന്ത്രിസഭാ യോഗത്തിന് ശേഷം ഇന്ന് വൈകുന്നേരത്തോടെ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഡല്‍ഹിക്ക് തിരിക്കും. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിക്ക് കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിച്ചിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ഔദ്യോഗിക സൗഹൃദ സന്ദര്‍ശനമാണിതെന്ന് വിശദീകരണമുണ്ടെങ്കിലും, സംസ്ഥാനത്തെ പി.എം ശ്രീ പദ്ധതി, കേന്ദ്ര വിഹിതങ്ങള്‍, മറ്റ് അടിയന്തര വികസന കാര്യങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചയാകും. കേന്ദ്ര ധനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖ കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. ചൊവ്വാഴ്ച രാത്രിയോടെ തന്നെ അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങിയെത്തും.

മലബാര്‍ മേഖലയിലെ പ്ലസ് ടു ബാച്ചുകളുടെ കുറവും സീറ്റ് പ്രതിസന്ധിയും പരിഹരിക്കുന്നതിനുള്ള പ്രത്യേക പാക്കേജ് ഇന്നത്തെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നേക്കും. കൂടാതെ ഈ മാസം 29 ന് നിയമസഭയില്‍ ഗവര്‍ണര്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിനും യോഗം അംഗീകാരം നല്‍കും.

യു.ഡി.എഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ജൂണ്‍ 15 മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യ യാത്രയുടെ വിശദാംശങ്ങളും ധനസഹായ മാതൃകയും ഗതാഗത വകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam