കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
അതേസമയം തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ബോബി ചെമ്മണ്ണൂര്‍ കോടതിയെ അറിയിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്നും പ്രതി പറഞ്ഞു. കോടതിയുടെ ഉത്തരവ് കേട്ടതിന് പിന്നാലെയായിരുന്നു പ്രതികരണം. തത്കാലം കോടതിമുറിയില്‍ വിശ്രമിക്കൂവെന്നായിരുന്നു കോടതിയുടെ മറുപടി. ഈ സാഹചര്യത്തില്‍ പ്രതിയെ നേരെ ആശുപത്രിയിലേക്ക് എത്തിക്കാനാണ് സാധ്യത.
ബിപി നിയന്ത്രിത അളവിലാണെങ്കില്‍ പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകും. കേസില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും തങ്ങളുടെ വാദങ്ങള്‍ ശക്തമായി ഉന്നയിച്ചിരുന്നു. ആയിരക്കണക്കിന് ജനങ്ങളുടെ മുന്നിലിട്ട് നടിയെ ബോബി ചെമ്മണ്ണൂര്‍ അപമാനിച്ചതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നടിക്കെതിരെ അശ്ലീല പരാമര്‍ശമാണ് നടത്തിയത്. അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചിരുന്നു.
പ്രതിക്ക് ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും സമ്പന്നനായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടത്തുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും വിദേശത്തേക്ക് കടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലും പരാമര്‍ശിച്ചിരുന്നു. ജാമ്യം അനുവദിച്ചാല്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി മോശം പരാമര്‍ശം നടത്തുന്നവര്‍ക്ക് പ്രോത്സാഹനമാകും. ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
മാലയുടെ പിന്‍വശം കാണൂവെന്ന് പറഞ്ഞത് ദ്വയാര്‍ത്ഥ പ്രയോഗമാണ്. അത്തരമൊരു പരാമര്‍ശത്തിന്റെ ആവശ്യം അവിടെ ഇല്ലായിരുന്നു. വീഡിയോ പിന്നീട് മോശം അര്‍ത്ഥത്തില്‍ പ്രചരിപ്പിക്കപ്പെട്ടു. മാനേജറോട് അതൃപ്തി അറിയിച്ചിരുന്നു. പിന്നീട് വന്ന എല്ലാ വീഡിയോകളിലും ദ്വയാര്‍ത്ഥ പ്രയോഗം നടത്തി. ജാങ്കോ സ്‌പേസ് എന്ന യൂട്യൂബ് ചാനലില്‍ ഹണി റോസിനെക്കുറിച്ച് അശ്ലീല ചുവയോടെ പരാമര്‍ശങ്ങള്‍ നടത്തിയെന്നും കോടതിയെ പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.
എന്നാല്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ പൂര്‍ണമായും എതിര്‍ത്തായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ രാമന്‍പിള്ള ബോബി ചെമ്മണ്ണൂരിന് വേണ്ടി വാദിച്ചത്. നടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും ഉദ്ഘാടന ചടങ്ങില്‍ നടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞതിന് ശേഷം ഇരുവരും സൗഹൃദത്തിലായിരുന്നു. നടി പരാതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് പൊലീസ് അന്വേഷിച്ചിട്ടില്ല.
നിരവധിയാളുകള്‍ക്ക് ജോലി നല്‍കിയ, അനവധി പുരസ്‌കാരങ്ങള്‍ ലഭിച്ച വ്യക്തിയാണ് ബോബി ചെമ്മണ്ണൂര്‍ എന്നും കേസില്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം കോടതി നിരസിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്