കൊച്ചി: മരിച്ച മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ഭാര്യ മഞ്ജുഷ കോടതിയിൽ. അടിവസ്ത്രത്തിൽ രക്തക്കറ കണ്ടതടക്കം സുപ്രധാന കാര്യങ്ങൾ അന്വേഷിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.
''55 കിലോഗ്രാം ഭാരമുള്ള നവീൻ ബാബു ചെറിയ കനമുള്ള കയറിൽ തൂങ്ങിമരിച്ചുവെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകില്ല. പോസ്റ്റ് മോർട്ടം ശരിയായ വിധത്തിൽ നടന്നിട്ടില്ല. പോസ്റ്റുമോർട്ടത്തിൽ പല പ്രധാന വിവരങ്ങളും വിട്ടു കളഞ്ഞു''. അടിവസ്ത്രത്തിലെ രക്തക്കറയിലും ഉമിനീർ ഒലിച്ച് ഇറങ്ങിയതിലും അന്വേഷണമുണ്ടായില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.
എന്നാൽ മൂത്രത്തിൽ കല്ല് പോലുള്ള അസുഖങ്ങൾ കൊണ്ടാവാം രക്തക്കറ കണ്ടതെന്ന് സർക്കാർ അറിയിച്ചു. നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ കണ്ട രക്തക്കറയെപ്പറ്റി കാര്യമായി അന്വേഷണം ഉണ്ടായില്ലെന്ന ഹർജിക്കാരിയുടെ വാദത്തിൽ, അടിവസ്ത്രം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടല്ലോ എന്ന് കോടതി പറഞ്ഞു.
നാട്ടിലേക്ക് എത്തുമെന്ന് അറിയിച്ച ശേഷം നവീൻ ബാബു ക്വാർട്ടേഴ്സിലേക്ക് മടങ്ങി പോയതല്ലേ, കൊലപാതകം എന്ന സാധ്യത എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. ക്വാർട്ടേഴ്സിലേക്ക് മടങ്ങിയശേഷം അസ്വാഭാവികമായി ആരെങ്കിലും അവിടെയെത്തിയോ എന്ന് പരിശോധന വേണ്ടേ എന്ന് ഹർജിക്കാരി ചോദിച്ചു.
നവീൻ ബാബുവിന്റെ മരണത്തിൽ പ്രതികൾക്ക് പല പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടാകുമെന്നും ഹൈക്കോടതി പറഞ്ഞു. അതിലെന്താണ് കുഴപ്പം, പൊലീസ് അന്വേഷിക്കുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും ഹൈക്കോടതി പറഞ്ഞു. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
എഡിഎം നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി കഴിഞ്ഞ ദിവസം ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ ഒക്ടോബർ 15ന് കണ്ണൂർ ടൗൺ പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് രക്തക്കറ ഉണ്ടായിരുന്നതായി പരാമർശമുള്ളത്. അതേസമയം, പോസ്റ്റുമോർട്ടം റിപ്പോർട്ടിലോ എഫ്ഐആറിലോ രക്തക്കറയെ പറ്റി പരാമർശമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്