വോട്ടെടുപ്പ് ദിനത്തിലെ തുറന്നു പറച്ചില്‍; മുഖം രക്ഷിക്കാന്‍ ഇ.പിക്കെതിരെ നടപടിയെടുത്തേക്കും

APRIL 27, 2024, 7:00 AM

തിരുവനന്തപുരം: ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്‍ വോട്ടെടുപ്പ് ദിനത്തില്‍ തുറന്നുസമ്മതിച്ചത് പാര്‍ട്ടിക്കും എല്‍.ഡി.എഫിനും അപ്രതീക്ഷിത പ്രഹരമായിരിക്കുകയാണ്. സി.പി.എം- ബി.ജെ.പി അന്തര്‍ധാരയെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് കൂടിക്കാഴ്ചയെന്നും കോണ്‍ഗ്രസ് ആരോപണം കടുപ്പിച്ചതോടെ പരുങ്ങലിലായ പാര്‍ട്ടി, മുഖം രക്ഷിക്കാന്‍ ഇ.പിക്കെതിരെ നടപടിയെടുത്തേക്കുമെന്നാണ് സൂചന.

തിരുവനന്തപുരം ആക്കുളത്തുള്ള തന്റെ മകന്റെ ഫ്‌ളാറ്റില്‍ ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ഇ.പി സമ്മതിച്ചത്. ഇ.പിയുടെ നോട്ടം ബി.ജെ.പിയാണെന്നും ഗവര്‍ണര്‍, കേന്ദ്രമന്ത്രി പദവികളിലൊന്നാണ് ലക്ഷ്യമെന്നുമുള്ള ആരോപണത്തിനും ഇത് ബലമേകി. ജാവദേക്കര്‍ തന്നെ പരിചയപ്പെടാന്‍ എത്തിയതാണെന്നും കൂടിക്കാഴ്ച വ്യക്തിപരമാണെന്നുമുള്ള ഇ.പിയുടെ വാദം വിലപ്പോയില്ല.

സി.പി.എം- ബി.ജെ.പി ബന്ധമെന്ന യു.ഡി.എഫ് ആരോപണം ശക്തിപ്പെടുകയും ചെയ്തതോടെ പാര്‍ട്ടി വെട്ടിലായിരിക്കുകയാണ്. വോട്ടിംഗിനെ ബാധിച്ചേക്കുമെന്ന വിലയിരുത്തലിലാണ് വിവാദ തീ കെടുത്താന്‍ മുഖ്യമന്ത്രി ഉടന്‍ രംഗത്തെത്തിയത്. തെറ്റായ കൂട്ടുകെട്ടുകളില്‍ ഇ.പി ജാഗ്രത പുലര്‍ത്താറില്ലെന്ന പിണറായിയുടെ കുറ്റപ്പെടുത്തല്‍ റിസോര്‍ട്ട് വിവാദമുള്‍പ്പെടെ പാര്‍ട്ടിക്ക് അലോസരമുണ്ടാക്കിയ മുന്‍കാല സംഭവങ്ങളും മനസില്‍ വച്ചായിരുന്നു. 'പാപിയുമായി ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടും' എന്ന ആപ്ത വാക്യം ഉദ്ധരിച്ച് ഇ.പിക്ക് ശക്തമായ മുന്നറിയിപ്പും പിണറായി നല്‍കിയിരുന്നു.

അതേസമയം, ജാവദേക്കറെ ജയരാജന്‍ കണ്ടതില്‍ തെറ്റില്ലെന്നും താനും ജാവദേക്കറെ കണ്ടിട്ടുണ്ടെന്നും പറഞ്ഞ് പിണറായി വിവാദം മയപ്പെടുത്താന്‍ ശ്രമിച്ചത് വിനയുമായി. ഇത് കോണ്‍ഗ്രസ് ഏറ്റുപിടിച്ചു. ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തോറ്റാല്‍ ഇ.പിയെ സി.പി.എം ബലിയാടാക്കുമെന്നും വി.ഡി.സതീശന്‍ ആരോപിക്കുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam