ദില്ലി: രാജ്യതലസ്ഥാനത്ത് വനിതാ എംപിയുടെ മാല തട്ടിയെടുത്ത് മോഷ്ടാക്കൾ. പ്രഭാത നടത്തത്തിനിടെ തൻറെ മാല പൊട്ടിച്ചതായി കോൺഗ്രസ് എം പി സുധാ രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകി.
മുഖംമൂടി ധരിച്ചെത്തിയ ഒരാൾ സ്കൂട്ടറിൽ വന്ന് തൻറെ മാല തട്ടിയെടുത്തതായി ദില്ലിയിലെ ക്രമസമാധാനം കൈകാര്യം ചെയ്യുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എഴുതിയ കത്തിൽ എംപി ചൂണ്ടിക്കാട്ടി.
തമിഴ്‌നാട്ടിലെ മയിലാടുതുറൈയിൽ നിന്നുള്ള ലോക്‌സഭാ അംഗമായ സുധാ രാമകൃഷ്ണൻ, ഡിഎംകെ എം പി രാജാത്തിയോടൊപ്പം ചാണക്യപുരിയിലെ പോളിഷ് എംബസിക്ക് സമീപം നടക്കാനിറങ്ങിയപ്പോഴാണ് സംഭവം.
"പുലർച്ചെ 6.15-നും 6.20-നും ഇടയ്ക്ക് പോളണ്ട് എംബസിയുടെ ഗേറ്റ് 3-നും 4-നും സമീപത്തായിരിക്കുമ്പോൾ, ഹെൽമെറ്റ് ധരിച്ച് മുഖം പൂർണ്ണമായി മറച്ച് സ്കൂട്ടറിൽ എതിർദിശയിൽ നിന്ന് വന്ന ഒരാൾ എൻറെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു" പാർലമെൻറിൻറെ മൺസൂൺ സമ്മേളനത്തിൽ പങ്കെടുക്കുന്നിനായി ദില്ലിയിലുള്ള സുധാ രാമകൃഷ്ണൻ പറഞ്ഞു.
രാജ്യതലസ്ഥാനത്ത്, ഈ അതീവ പ്രാധാന്യമുള്ള മേഖലയിൽ ഒരു സ്ത്രീക്ക് സുരക്ഷിതമായി നടക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എവിടെയാണ് നമുക്ക് സുരക്ഷിതത്വം അനുഭവിക്കാനും നമ്മുടെ ജീവനും വസ്തുവകകൾക്കും ഭയമില്ലാതെ നമ്മുടെ ദിനചര്യകൾ ചെയ്യാനും കഴിയുക എന്നും അവർ ചോദിച്ചു. കുറ്റവാളിയെ കണ്ടെത്താൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകണമെന്നും തൻറെ സ്വർണ്ണമാല വീണ്ടെടുക്കാനും വേഗത്തിൽ നീതി ലഭ്യമാക്കാനും വേണ്ട നടപടി സ്വീകരിക്കണമെന്നും അവർ അമിത് ഷായോട് അഭ്യർത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
