മുബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് രാഷ്ട്രീയ ഇന്ത്യ. ഇതിനിടയ്ക്ക് മറ്റൊരു വാർത്തകൂടി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അപകടം നടക്കുന്നതിന് 21 മണിക്കൂർ മുൻപേ വിക്കിപീഡിയ ഈ മരണ വാർത്ത എഡിറ്റ് ചെയ്തു എന്ന അവകാശവാദത്തോടെയുള്ള സ്ക്രീൻഷോട്ടുകളാണ് ഈ പ്രചാരണത്തിന് ആധാരം. എന്നാൽ ഈ വാദങ്ങളിൽ ഒരു തരത്തിലുള്ള വസ്തുതയുമില്ലെന്നാണ് വാസ്തവം.
ഇന്ന് (ജനുവരി 28) രാവിലെ 8 മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബാരാമതിയിൽ ഇന്ന് അജിത് പവാറിന് 4 പൊതുയോഗങ്ങൾ ഉണ്ടായിരുന്നു. ഇതിൽ പങ്കെടുക്കാൻ എത്തിയതാണ് അദ്ദേഹം. ഈ യാത്രയാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. ഈ മരണം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് അജിത് പവാറിന്റെ മരണവാർത്ത വിക്കിപീഡിയയിൽ 21 മണിക്കൂർ മുൻപേ അപ്ഡേറ്റ് ചെയ്തെന്ന മറ്റൊരു വ്യാജ വാർത്തയും പ്രചരിച്ചത്. ഇതിന്റെ വസ്തുത ഇങ്ങനെ
വിക്കിപീഡിയയുടെ സെർവറുകൾ ആഗോള തലത്തിൽ ഏകീകൃതമായ UTC (Coordinated Universal Time) സമയമേഖലയിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ സമയം (IST) UTC-യേക്കാൾ 5 മണിക്കൂർ 30 മിനിറ്റ് മുന്നിലാണ്. ഇന്ത്യയിൽ ഒരു സംഭവം നടന്ന ശേഷം വിക്കിപീഡിയയിൽ വിവരങ്ങൾ പുതുക്കുമ്പോൾ, അതിന്റെ ഹിസ്റ്ററിയിൽ രേഖപ്പെടുത്തുന്നത് രാജ്യാന്തര സമയമായിരിക്കും. ഇത് കണ്ട് സമയത്തിന് മുൻപേ വിവരം വന്നുവെന്ന് ആളുകൾ തെറ്റിധരിക്കാറുണ്ട്. വിക്കിപീഡിയ ഒരു സ്വതന്ത്ര വിജ്ഞാനകോശമാണ്. ഒരു വാർത്ത പുറത്തുവന്നാലുടൻ ലോകത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും നിമിഷങ്ങൾക്കുള്ളിൽ ആ പേജിൽ മാറ്റങ്ങൾ വരുത്താം. വലിയ വാർത്തകൾ പുറത്തുവരുമ്പോൾ മിനിറ്റുകൾക്കകം വിക്കിപീഡിയ പേജുകൾ അപ്‌ഡേറ്റ് ചെയ്യപ്പെടാറുണ്ട്. ഇത് മുൻകൂട്ടി പ്രവചിക്കുന്നതല്ല, മറിച്ച് തത്സമയ പ്രതികരണമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
