ബരാബങ്കി: സംഘ്പരിവാര്‍ സംഘടനയായ വിശ്വ ഹിന്ദു പരിഷത് (വി.എച്ച്.പി) നല്‍കിയ പരാതിയില്‍ ഉത്തര്‍ പ്രദേശില്‍ ക്രൈസ്തവ പുരോഹിതനടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് കര്‍ണാടക മംഗലാപുരം സ്വദേശിയായ ഫാ. ഡൊമിനിക് പിന്റു അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ബരാബങ്കി ജില്ലയിലെ ചഖര്‍ ഗ്രാമത്തില്‍ നിന്ന് ബുധനാഴ്ചയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ 16 പേരെ പ്രതികളാക്കിയിട്ടുണ്ടെന്നും ഇതില്‍ ഒരു പുരോഹിതന്‍ ഉള്‍പ്പെടെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അഡീഷണല്‍ പൊലീസ് സൂപ്രണ്ട് എസ്.എന്‍. സിന്‍ഹ പറഞ്ഞു.
ഗ്രാമത്തില്‍ കൂട്ട മതപരിവര്‍ത്തനം നടക്കുന്നുവെന്ന വി.എച്ച്.പി ജില്ല പ്രസിഡന്റ് ബ്രിജേഷ് കുമാര്‍ വൈഷിന്റെ പരാതിയിലാണ് നടപടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഉത്തര്‍ പ്രദേശ് മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് ഫാ. ഡൊമിനിക് പിന്റു അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്.
അതിനിടെ, ഗുജറാത്തിലും ക്രിസ്ത്യാനികള്‍ക്കെതിരെ മതപരിവര്‍ത്തന ആരോപണവുമായി വി.എച്ച്.പി രംഗത്തെത്തി. നര്‍മദ ജില്ലയിലെ ഗ്രാമങ്ങളില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു പ്രചാരണം. ഫെബ്രുവരി 11ന് സാന്‍ഗ്ലിയില്‍ ക്രിസ്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന 'ആത്മിക് ജാഗൃതി സഭ' റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ നര്‍മദ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി.
ദെദിയാപദ താലൂക്കിലെ ആദിവാസികളെ മതപരിവര്‍ത്തനം നടത്താനാണ് യോഗം നടത്തുന്നതെന്നാണ് വി.എച്ച്.പിയുടെ ആരോപണം. പരിപാടിയില്‍ വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറി ഗൗതം പട്ടേല്‍ പ്രതിഷേധം പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്