ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വ്യവസായ ഗ്രൂപ്പായ 'ദ ട്രംപ് ഓര്‍ഗനൈസേഷന്‍' കഴിഞ്ഞ പത്തുകൊല്ലമായി ഇന്ത്യയെ യുഎസിന് പുറത്തെ അവരുടെ ഏറ്റവും വലിയ വിപണിയായാണ് പരിഗണിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയെ 'ഡെഡ് എക്കണോമി' എന്നുവിളിച്ച് ട്രംപ് പരിഹസിക്കുന്നതിനിടെയാണ് ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2024 വരെ ഇന്ത്യയിലെ ഒന്നാംകിട ബില്‍ഡര്‍മാരുമായി ചേര്‍ന്ന് മുംബൈ, പുനെ, കൊല്‍ക്കത്ത, ഗുരുഗ്രാം തുടങ്ങിയ ഏഴിടങ്ങളിലെ പ്രോജക്ടുകളിലൂടെ ചുരുങ്ങിയത് 175 കോടി രൂപ ട്രംപിന്റെ കമ്പനി സമ്പാദിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 2012 ലാണ് ആദ്യത്തെ പ്രോജക്ട് പ്രഖ്യാപിച്ചത്.
രണ്ടാം തവണയും ട്രംപ് യുഎസ് പ്രസിഡന്റ് പദത്തിലെത്തിയതോടെ, കഴിഞ്ഞ എട്ടുമാസത്തിനിടെ 80 ലക്ഷം ചതുരശ്ര അടിയുടെ ആറ് പ്രോജക്ടുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇന്ത്യയിലെ പങ്കാളികളായ ട്രിബേക്ക ഡെവലപേഴ്സുമായി ചേര്‍ന്ന് ഗുരുഗ്രാം, പുനെ, ഹൈദരാബാദ്, മുംബൈ, നോയിഡ, ബംഗളൂരു എന്നിവിടങ്ങളിലാണ് ഈ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇതില്‍ മൂന്ന് പദ്ധതികളുടെ ആകെ വിസ്തൃതി 43 ലക്ഷം ചതുരശ്ര അടിയാണ്. അതായത് ട്രംപ് ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നതില്‍ പകുതിയിലധികം. ഇന്ത്യയില്‍ ബിസിനസ് വന്‍തോതില്‍ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് ട്രംപ് ഓര്‍ഗനൈസേഷന്‍ എന്ന് വ്യക്തം.
2025 മാര്‍ച്ചില്‍ മുംബൈയിലെ പ്രോജക്ട് പ്രഖ്യാപനത്തിനിടെ, ഇന്ത്യ ട്രംപ് ബ്രാന്‍ഡിനെ ആവേശത്തോടെ അംഗീകരിച്ചതായി ട്രംപ് ഓര്‍ഗനൈസേഷന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എറിക് ട്രംപ് മുമ്പ് വ്യക്തമാക്കിയിരുന്നു. എറിക്കും ഡൊണാള്‍ഡ് ട്രംപ് ജൂനിയറും ചേര്‍ന്നാണ് നിലവില്‍ ദ ട്രംപ് ഓര്‍ഗനൈസേഷനെ നയിക്കുന്നത്. 1927-ല്‍ സ്ഥാപിതമായെങ്കിലും 1971-ല്‍ ട്രംപ് നിയന്ത്രണമേറ്റെടുത്ത് സംരംഭത്തെ റീബ്രാന്‍ഡ് ചെയ്യുകയായിരുന്നു.
ന്യൂയോര്‍ക്ക് നഗരത്തിലെ ട്രംപ് ടവറാണ് ആസ്ഥാനം. റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് മേഖലയിലാണ് പ്രധാനമായും ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. കൂടാതെ ഹോസ്പിറ്റാലിറ്റി, ഗോള്‍ഫ് റിസോര്‍ട്ടുകള്‍ തുടങ്ങിയ മേഖലകളിലും ട്രംപ് ഓര്‍ഗനൈസേഷന്റെ സജീവസാന്നിധ്യമുണ്ട്. കൂടാതെ യുഎസിലും മറ്റിടങ്ങളിലുമായി ആഡംബര റെസിഡെന്‍ഷ്യല്‍ ടവറുകളും ഹോട്ടലുകളുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
