ചെന്നൈ: തിരുവനന്തപുരത്ത് നിന്ന് ഡെല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍ മൂലം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. ലാന്‍ഡിംഗിനിടെ മറ്റൊരു വിമാനം അതേ റണ്‍വേയില്‍ വന്നെങ്കിലും വന്‍ അപകടം ഒഴിവായി. കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ.രാധാകൃഷ്ണന്‍ തുടങ്ങിയ എംപിമാര്‍ വിമാനത്തിലുണ്ടായിരുന്നു.
എയര്‍ ഇന്ത്യയുടെ എഐ 2455 വിമാനമാണ് രാത്രി എട്ടു മണിയോടെ തിരുവനന്തപുരത്ത് നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ ആകാശച്ചുഴിയില്‍പ്പെട്ടത്. രാത്രി 10.35 ന് വിമാനം ചെന്നൈയില്‍ ലാന്‍ഡ് ചെയ്തു. റഡാര്‍ സംവിധാനത്തിലെ തകരാറും മോശം കാലാവസ്ഥയുമാണ് അടിയന്തര ലാന്‍ഡിംഗിലേക്ക് നയിച്ചത്.
ഭാഗ്യവും പൈലറ്റിന്റെ കഴിവും കൊണ്ടു മാത്രമാണ് രക്ഷപെട്ടതെന്ന് കെ സി വേണുഗോപാല്‍ എംപി പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം എക്‌സിലെ പോസ്റ്റില്‍ ആവശ്യപ്പെട്ടു.
''തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം എഐ 2455 ഇന്ന് ദുരന്തത്തിന്റെ വക്കിലെത്തി. പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനുശേഷം, ഞങ്ങള്‍ അഭൂതപൂര്‍വമായ പ്രക്ഷുബ്ധാവസ്ഥയിലായി. ഏകദേശം ഒരു മണിക്കൂറിനുശേഷം, ക്യാപ്റ്റന്‍ ഫ്‌ളൈറ്റ് സിഗ്‌നല്‍ തകരാര്‍ പ്രഖ്യാപിച്ചു ചെന്നൈയിലേക്ക് തിരിച്ചുവിട്ടു. ഏകദേശം രണ്ട് മണിക്കൂറോളം, ലാന്‍ഡ് ചെയ്യാനുള്ള അനുമതിക്കായി ഞങ്ങള്‍ വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ടു പറന്നു. ആദ്യ ശ്രമത്തില്‍ മറ്റൊരു വിമാനം അതേ റണ്‍വേയില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ആ നിമിഷത്തില്‍, ക്യാപ്റ്റന്റെ പെട്ടെന്നുള്ള തീരുമാനം വിമാനത്തിലുള്ള എല്ലാവരുടെയും ജീവന്‍ രക്ഷിച്ചു. രണ്ടാമത്തെ ശ്രമത്തില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു,'' വേണുഗോപാല്‍ എക്സിലെ ഒരു പോസ്റ്റില്‍ എഴുതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്