ഹൈദരാബാദ്: വിരമിച്ച സർക്കാർ ജീവനക്കാരുടെ ദീർഘകാലമായി നിലനിൽക്കുന്ന കുടിശ്ശിക തീർപ്പാക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ശമ്പളത്തിൽ 50 ശതമാനം കുറവ് വരുത്താൻ തെലങ്കാന സർക്കാർ.
മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഹിമാചൽ പ്രദേശ് സർക്കാർ സമാനമായ രീതിയിൽ ശമ്പളം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് തെലങ്കാനയുടെയും നീക്കം.
മന്ത്രിമാർ സ്വമേധയാ ശമ്പളം വിട്ടുനൽകാൻ തയ്യാറായെന്നും, ആവശ്യമെങ്കിൽ മറ്റ് ജനപ്രതിനിധികളുടെ ശമ്പളത്തിലും കുറവ് വരുത്തുമെന്നും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് മന്ത്രി പൊങ്കുലേറ്റി ശ്രീനിവാസ് റെഡ്ഡി വ്യക്തമാക്കി.
വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നതിനായി 100 ദിവസത്തെ കർമ്മപദ്ധതിക്ക് മന്ത്രിസഭ രൂപം നൽകിയിട്ടുണ്ട്. നിലവിൽ വിരമിച്ചവർക്കായി 8,000 കോടി രൂപയും സർവീസിലുള്ളവർക്കായി 6,200 കോടി രൂപയുമാണ് കുടിശ്ശികയായി നൽകാനുള്ളത്.
വിരമിച്ച ജീവനക്കാർ തങ്ങളുടെ ആനുകൂല്യങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന് യോഗം വിലയിരുത്തി. പത്ത് വർഷം മുമ്പ് തെലങ്കാന സംസ്ഥാനം രൂപീകരിക്കുമ്പോൾ ഇത്തരം കുടിശ്ശികകൾ ഉണ്ടായിരുന്നില്ലെന്നും കഴിഞ്ഞ ദശകത്തിലാണ് ഇവ കുമിഞ്ഞുകൂടിയതെന്നും മന്ത്രി പറഞ്ഞു.
വിഭവസമാഹരണത്തിനായി ഒരു ഉപസമിതി രൂപീകരിക്കാനും അധ്യാപകർ, പെൻഷൻകാർ തുടങ്ങിയവരുടെ സംഘടനകളുമായി ചർച്ച നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
