ഡൽഹി: ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ നിഷേധിച്ച കേസിൽ ചലച്ചിത്ര താരവും ബിജെപി നേതാവുമായ ജയപ്രദയ്ക്ക് ആശ്വാസം. ചെന്നൈ എഗ്‌മോർ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്തു.
ശിക്ഷാവിധി തടയുന്നതിനോ ജാമ്യം നല്‍കുന്നതിനോ വേണ്ടി സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് നടപടി.
ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന് അഞ്ച് കേസുകളിലാണ് ജയപ്രദ ശിക്ഷിക്കപ്പെട്ടത്. ആറ് മാസം തടവ് ശിക്ഷയും അയ്യായിരം രൂപ പിഴയുമായിരുന്നു മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ.
അണ്ണാശാലയിലെ ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തിയേറ്ററിലെ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷാ നടപടി. നേരത്തെ, കേസ് റദ്ദാക്കണമെന്നും ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നുമുള്ള ആവശ്യങ്ങൾ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് ജയപ്രദ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.
2019ലെ തെരഞ്ഞെടുപ്പിൽ രാംപൂരിൽ ബിജെപി സ്ഥാനാർഥിയായിരുന്ന ജയപ്രദ സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർഥി അസം ഖാനോട് പരാജയപ്പെടുകയായിരുന്നു. 2004ലും 2009ലും എസ് പി ടിക്കറ്റിൽ രാംപൂർ എം പി ആയെങ്കിലും പിന്നീട് പുറത്താക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്