ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗര്‍ഭിണിയെയും എട്ടു വയസുളള മകനെയും തിരികെ എത്തിച്ചു. സുപ്രീം കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. ഇരുവരെയും ബംഗ്ലാദേശില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ ബുധനാഴ്ചയാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ബംഗാളിലെ മാള്‍ഡയില്‍ വെള്ളിയാഴ്ച ജില്ലാ ഭരണകൂടത്തിലെ നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഒമ്പത് മാസം ഗര്‍ഭിണിയായ സോണാലി ഖാത്തൂണും മകനും ഇന്ത്യയിലേക്ക് തിരികെ പ്രവേശിച്ചത്.
ജൂണ്‍ 27 നായിരുന്നു അനധികൃതമായി രാജ്യത്ത് കടന്ന ബംഗ്ലാദേശി പൗരന്മാരാണെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസ് സോണാലിയും മകനും ഭര്‍ത്താവും ഉള്‍പ്പെടെ 6 പേരെ അറസ്റ്റ് ചെയ്ത ശേഷം ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്. എന്നാല്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് സോണാലിയെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
സോണാലിയുടെ പിതാവ് ഭോദു ഷെയ്ക്കിന്റെ ഇന്ത്യന്‍ പൗരത്വം ചോദ്യം ചെയ്യപ്പെടാത്തതിനാല്‍, പൗരത്വ നിയമപ്രകാരം സോണാലിയും കുട്ടികളും ഇന്ത്യന്‍ പൗരന്മാരായിരിക്കുമെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. ബുധനാഴ്ച മാള്‍ഡയില്‍ നടന്ന എസ്ഐആര്‍ വിരുദ്ധ റാലിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സോണാലിയുടെ നാടുകടത്തലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
