ചെന്നൈ: തിരുപ്പൂരില്‍ എസ്ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതി പൊലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കേസിലെ പ്രതിയായ മണികണ്ഠനാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
അതേസമയം പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒരു പൊലീസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസിലെ മറ്റ് രണ്ട് പ്രതികള്‍ ഇന്നലെ പൊലീസില്‍ കീഴടങ്ങിയിരുന്നു. സ്‌പെഷ്യല്‍ എസ്ഐ ഷണ്‍മുഖ സുന്ദരമാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. അച്ഛനും മക്കളും തമ്മിലുളള തര്‍ക്കം തീര്‍ക്കാനെത്തിയ എസ്ഐയെ അറസ്റ്റ് തടയുന്നതിനായി മകന്‍ ആക്രമിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഇന്നലെയാണ് അണ്ണാഡിഎംകെ എംഎല്‍എയായ സി മഹേന്ദ്രന്റെ ഫാം ഹൗസില്‍ ജീവനക്കാരനും മക്കളും തമ്മില്‍ തര്‍ക്കമുണ്ടായത്. മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അയല്‍ക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. മൂര്‍ത്തിയും മക്കളായ മണികണ്ഠനും തങ്കപാണ്ടിയുമാണ് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയത്. സംഭവം അന്വേഷിക്കാനായി ഷണ്‍മുഖ സുന്ദരമുള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു. അറസ്റ്റ് ചെയ്യുമെന്ന ഘട്ടമായപ്പോഴാണ് മണികണ്ഠന്‍ സമീപത്തുണ്ടായിരുന്ന അരിവാളെടുത്ത് ഷണ്‍മുഖ സുന്ദരത്തെ വെട്ടിയത്. തുടർന്ന് കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ ഉടന്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
പിന്നാലെ കൂടുതൽ പൊലീസുകാര്‍ സ്ഥലത്തെത്തിയാണ് ബാക്കിയുളളവരെ അറസ്റ്റ് ചെയ്തത്. അപ്പോഴേക്കും മണികണ്ഠനും സഹോദരനും ഓടിരക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കായി തിരച്ചില്‍ നടക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇന്ന് രാവിലെയോടെ ഏറ്റുമുട്ടലില്‍ മണികണ്ഠൻ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ട് പുറത്തു വരികയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
