ഡൽഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ കേസിൽ ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജിഎൻ സായിബാബയെ വെറുതെവിട്ടു. സായ് ബാബയെ കൂടാതെ മറ്റ് അഞ്ച് പേരെയും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വെറുതെവിട്ടു.
ശരീരത്തിൻ്റെ ഭൂരിഭാഗവും തളർന്ന അമ്പത്തിയഞ്ചുകാരനായ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014ൽ അറസ്റ്റ് ചെയ്തിരുന്നു. 2017ൽ ഗഡ്ചിരോളി സെഷൻസ് കോടതി ഇയാളുൾപ്പെടെ ആറ് പ്രതികളെയും ശിക്ഷിച്ചു. എന്നാൽ 2022 ഒക്ടോബർ 14 ന് ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് അവരെ കുറ്റവിമുക്തരാക്കിയിരുന്നു. ആരോപണങ്ങള്‍ക്ക് വ്യക്തമായ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്.
ഇതിനെതിരെ മഹാരാഷ്ട്ര സർക്കാരിന്റെ ഹർജിയില്‍ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യുകയും കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിക്ക് നിർദേശം നല്‍കുകയും ചെയ്തു.
കേസ് ഇപ്പോള്‍ പരിഗണിച്ച ബെഞ്ചില്‍നിന്ന് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നും സുപ്രീംകോടതി നിർദേശം നല്‍കിയിരുന്നു. ഇതേത്തുടർന്നാണ് നാഗ്പൂർ ബെഞ്ച് കേസ് വീണ്ടും പരിഗണിച്ചതും ആറ് പേരെയും കുറ്റവിമുക്തരാക്കിയതും.
റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ടുമായുള്ള ബന്ധമാണ് കേസിനാധാരം. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട സംഘടനയാണ് ഇത്. ആർഡിഎഫ് പോലുള്ള സംഘടനകളുടെ മറവില്‍ സിപിഐ മാവോയിസ്റ്റിനു വേണ്ടി പ്രവർത്തിച്ചുവെന്നതായിരുന്നു സായിബാബയ്‌ക്കെതിരായ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്