എംഎല്‍സി തോല്‍വി: ഫഡ്‌നാവിസിനെതിരെ ഷിന്‍ഡെ വിഭാഗം

OCTOBER 29, 2026, 6:51 PM

 മുംബൈ:  ഭരണപക്ഷമായ മഹായുതി സഖ്യത്തിന് എംഎൽസി തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റതിന് പിന്നാലെ മഹാരാഷ്ട്രയിൽ നേതൃമാറ്റ ആവശ്യം ശക്തമാക്കി സഖ്യകക്ഷിയായ ഷിൻഡെ ശിവസേന.  ആകെ അഞ്ചിൽ രണ്ട് സീറ്റുകളിൽ മാത്രമാണ് മഹായുതിക്ക് വിജയിക്കാനായത്.

 മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. അഞ്ച് സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ രണ്ട് സീറ്റുകൾ മാത്രമാണ് സഖ്യത്തിന് നേടാനായത്. പ്രതിപക്ഷമായ മഹാ വികാസ് അഘാഡി മൂന്ന് സീറ്റുകൾ നേടി. ബിജെപി മൂന്ന് സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒന്നിൽ മാത്രമാണ് വിജയിച്ചത്. സഖ്യകക്ഷിയായ ശിവസേന രണ്ട് സീറ്റുകളിൽ മത്സരിച്ച് ഒരു സീറ്റിൽ വിജയിച്ചു. പ്രതിപക്ഷത്ത് എൻസിപി (ശരദ് പവാർ വിഭാഗം) മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ചപ്പോൾ കോൺഗ്രസ് രണ്ട് സീറ്റുകളിൽ മത്സരിച്ച് ഒന്നിൽ വിജയിച്ചു.

 അതേസമയം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സ്വന്തം തട്ടകവും ആർഎസ്എസ് ആസ്ഥാനവും ഉൾപ്പെടുന്ന നാഗ്പൂർ ബിരുദധാരി മണ്ഡലത്തിലടക്കം ബിജെപി തോൽവി വഴങ്ങിയതോടെ  ഷിൻഡെ വിഭാഗം  രംഗത്ത് എത്തി. 

vachakam
vachakam
vachakam

 പരീക്ഷാ പേപ്പർ ചോർച്ചയും ജോലി തട്ടിപ്പും മൂലം സംസ്ഥാനത്തെ ഉദ്യോഗാർത്ഥികളും ബിരുദധാരികളും സർക്കാരിനെതിരെ രോഷാകുലരാണെന്നും, തെരഞ്ഞെടുപ്പ് ഫലം ജനവികാരത്തിന്റെ വ്യക്തമായ പ്രതിഫലനമാണെന്നും ശിവസേന നേതാവ് രവീന്ദ്ര ധങ്കെക്കർ പറഞ്ഞു.

 എന്നാൽ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രശംസിച്ചിട്ടുണ്ടെന്ന് മുൻ മന്ത്രിയും ശിവസേന നേതാവുമായ അബ്ദുൾ സത്താർ ചൂണ്ടിക്കാട്ടി. മുൻപ് ഷിൻഡെയുടെ നേതൃത്വത്തിലാണ് മഹായുതി അധികാരത്തിൽ വന്നതെന്നും ജനങ്ങൾ അദ്ദേഹത്തെ കണ്ട് വോട്ട് ചെയ്തതാണെന്നും സത്താർ കൂട്ടിച്ചേർത്തു. 

  അതേസമയം, ശിവസേനയുടെ ആവശ്യത്തെ തള്ളി ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹത്തെ മാറ്റേണ്ട യാതൊരു സാഹചര്യവുമില്ലെന്നും ബിജെപി നേതാവ് പ്രവീൺ ദാരേക്കർ പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam