ന്യൂഡല്‍ഹി: ഇന്ത്യയൊട്ടാകെ 30000 തസ്തികകള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഈ വര്‍ഷം 29,906 തസ്തികകള്‍ കുറയ്ക്കണമെന്ന് കാട്ടി, വിവിധ സോണുകളുടെ ജനറല്‍ മാനേജര്‍മാര്‍ക്ക് റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കി കഴിഞ്ഞു. നിലവില്‍ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരെ ഒഴിവാക്കില്ല.
ഉത്തര റെയില്‍വേയിലാണ് ഏറ്റവും കൂടുതല്‍ തസ്തികകള്‍ ഒഴിവാക്കുന്നത്, 3303 എണ്ണം. ദക്ഷിണ റെയില്‍വേക്ക് 1906 തസ്തിക നഷ്ടപ്പെടും. പ്രധാനമായും നോണ്‍-സേഫ്റ്റി വിഭാഗത്തില്‍പ്പെട്ട തസ്തികകളാണ് വെട്ടിക്കുറയ്ക്കുന്നത്. 2026 ഏപ്രില്‍ ഒന്നിലെ അനുവദനീയമായ ജീവനക്കാരുടെ രണ്ട് ശതമാനം ഒഴിവാക്കാനാണ് ഓരോ ജനറല്‍ മാനേജര്‍ക്കും ടാര്‍ഗറ്റ് നല്‍കിയിരിക്കുന്നത്. പുനക്രമീകരണം, ഒഴിവാക്കല്‍, തസ്തികമാറ്റല്‍, സ്ഥലംമാറ്റം തുടങ്ങിയ നടപടികള്‍ വഴിയാകും രണ്ട് ശതമാനം തസ്തികകള്‍ ഇല്ലാതാക്കുന്നത്.
എന്നാല്‍ ഈ തസ്തികകളില്‍ പുതിയ നിയമനം നടത്തില്ല. ടൈപ്പിസ്റ്റ് പോലെ ആവശ്യമില്ലാത്ത തസ്തികകളിലുള്ളവരെ ക്ലാര്‍ക്ക് തസ്തികയിലേക്ക് മാറ്റി നിയമിക്കും. ഏപ്രില്‍ ഒന്നിലെ അനുവദനീയമായ ജീവനക്കാരുടെ രണ്ട് ശതമാനം ഒഴിവാക്കാനാണ് ടാര്‍ഗറ്റ്.
എന്നാല്‍ ജീവനക്കാരുടെ ക്ഷാമം നിലനില്‍ക്കുമ്പോള്‍ വീണ്ടും തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതിനെതിരേ തൊഴിലാളി യൂണിയനുകള്‍ രംഗത്തെത്തി. പുതിയ പാതകളും ട്രെയിനുകളും വന്നത് വഴി കൂടുതല്‍ ജീവനക്കാരെ നിയമിക്കേണ്ട സമയത്ത് വന്‍തോതില്‍ തസ്തിക വെട്ടിക്കുറയ്ക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ, സ്വകാര്യവത്കരണ നീക്കമാണെന്ന് അവര്‍ ആരോപിക്കുന്നു.
അതേസമയം ഒരുവര്‍ഷം രണ്ടുശതമാനം തസ്തികകള്‍ ഇല്ലാതാക്കണമെന്ന കേന്ദ്രനയംമൂലം റെയില്‍വേയില്‍ ഒഴിഞ്ഞുകിടക്കുന്നത് മൂന്നരലക്ഷത്തിലേറെ തസ്തികകളെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ റെയില്‍വേയില്‍മാത്രം ഇരുപതിനായിരത്തോളം തസ്തികകള്‍ ഒഴിഞ്ഞുകിടപ്പുണ്ട്. റെയില്‍വേ ആശുപത്രികള്‍, ഹൗസ് കീപ്പിങ്, എ.സി.മെക്കാനിക്ക്, ഇലക്ട്രിക്കല്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ കൂടുതല്‍. ഈ തസ്തികകളില്‍ നിയമനം നടത്താതെ സറണ്ടര്‍ ചെയ്യുകയാണ് പതിവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
