ആധുനിക ബംഗ്ലാദേശിന്റെ ശില്പി എന്ന് ഒരുകൂട്ടർ വിശേഷിപ്പിക്കുമ്പോൾ, ആ ശില്പി ശിലായുഗത്തിലേക്കു മടങ്ങിപ്പോയി ചെയ്തുകൂട്ടിയ ക്രൂരതയുടെയും കുന്നായ്മയുടേയും കഥയാണ് മറ്റൊരു കൂട്ടർക്ക് പറയാനുള്ളത്. അതെന്തായാലും ഷെയ്ഖ് ഹസീന എന്ന ഉരുക്കുവനിത അധികാരം ഉപയോഗിച്ച് മാനവികതയ്ക്കു മേൽ കടന്നാക്രമണം നടത്തിയതായി അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ വിലയിരുത്തിയിരിക്കുന്നു.
വധശിക്ഷ മാത്രമാണതിന് പ്രതിവിധി എന്നും കല്പിച്ചു. പ്രക്ഷോഭകാരികൾക്കു മേൽ മാരകായുധങ്ങൾ പ്രയോഗിക്കാൻ ഉത്തരവിട്ടെന്നും വിദ്യാർഥികൾക്ക് നേരെ നിർദയമായി നടത്തിയ വെടിവയ്പ്പിനെക്കുറിച്ച് അറിയാമായിരുന്നെന്നും കോടതി പറയുമ്പോൾ, പ്രതിയുടെതായ പതിവ് കുമ്പസാരം ഇവിടേയും കാണാനായി.
കുറ്റാരോപണങ്ങൾ ഒറ്റയടിക്ക് പൂർണ്ണമായും നിഷേധിച്ചുകൊണ്ട് വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവും ആണെന്നു ആണയിട്ടു പറയുകയാണ് ഏറ്റവുമധികം കാലം ആ രാജ്യം ഭരിച്ച പ്രധാനമന്ത്രി. അതെന്തുമാകട്ടെ, വധശിക്ഷയ്ക്ക് കോടതി വിധിച്ചപ്പോൾ കോടതിയിലും പരിസരത്തുമായി തിങ്ങിക്കൂടിയ പുരുഷാരം ആർപ്പുവിളിയോടെ അനന്ദനൃത്തത്തിലാറാടുകയായിരുന്നു. അതേതാണ്ട് ചുടലക്കളത്തിലെ താണ്ഡവത്തിനു സമാനമായിരുന്നു. അതും ഒരുതരത്തിൽ ശിലായുഗസംസ്‌ക്കാരം തന്നെയല്ലേ എന്നു തോന്നിപ്പോയി..!
ബംഗ്ലാദേശിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന്
2024 ഓഗസ്റ്റിൽ അധികാരം ഉപേക്ഷിച്ച് പലായനം ചെയ്ത ഷെയ്ഖ് ഹസീന ഇന്ത്യയിൽ
അഭയം തേടിയിരിക്കുകയാണ്. (അതിപ്പോൾ ഇന്ത്യയ്ക്കും തലവേദനയാണ്) ഷെയ്ഖ്
ഹസീനയുടെ അഭാവത്തിലായിരുന്നു കേസുകളിൽ വിചാരണ നടന്നത്. രാജ്യത്തിന്റെ
ചരിത്രത്തിലാദ്യമായി വിചാരണ ടിവിയിലൂടെ സംപ്രേഷണം ചെയ്തിരുന്നതിനാൽ സ്വന്തം
വീട്ടിലിരുന്നും ചുടലനൃത്തം ആടാനുള്ള അവസരം ഏവർക്കുമുണ്ടായി.
കിഴക്കൻ പാകിസ്ഥാനിൽ, അതിപ്പോൾ ബംഗ്ലാദേശിൽ തന്നെയാണ്.
1947ൽ ഷെയ്ഖ് മുജിബുർ റഹ്മാന്റെ മകളായി പിറന്നു. 1960കളുടെ അവസാനത്തിൽ ധാക്ക സർവകലാശാലയിൽ പഠനത്തിനെത്തിയതോടെയാണ് രാഷ്ട്രീയം തലയ്ക്കു പിടിച്ചത്. പിന്നെ എങ്ങിനേയും അധികരത്തിൽ കടിച്ചുതൂങ്ങാനുള്ള ചെപ്പടിവിദ്യകൾ അവസരോചിതമായി പ്രയോഗിക്കാൻ തുടങ്ങി. ജനതയെക്കൊണ്ട് താനൊരു ഉരുക്കു വനിതയാണെന്നു പറയിപ്പിക്കുന്നിടം വരെ എത്തി കാര്യങ്ങൾ. അതുപറഞ്ഞവരുടെ വായാകൊണ്ട് തന്നെ ഹസീനയെ തൂക്കിലിടുക എന്നു പറയിപ്പിക്കാനും ഇവർക്കു കഴിഞ്ഞു എന്നത് ചരിത്ര നിയോഗം.
സിവിൽ സർവീസ് ജോലികൾക്കുള്ള സെലക്ഷൻ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്നും പൂർണ്ണമായും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സെലക്ഷൻ സംവിധാനം സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധങ്ങൾ നടന്നതോടെയാണ് രാഷ്ട്രീയ അസ്വസ്ഥതകൾ ബംഗ്ലാദേശിൽ ഉരുണ്ടുകൂടിയത്. തുടർന്നുള്ള ആഴ്ചകളിൽ ഈ ആവശ്യങ്ങൾ വലിയതോതിൽ നിറവേറ്റപ്പെട്ടെങ്കിലും, പ്രതിഷേധങ്ങൾ സർക്കാർ വിരുദ്ധ പ്രസ്ഥാനമായി പരിണമിച്ചു. അത്, ഹസീനയുടെ രാജിക്കുള്ള മുറവിളിയായി.
ഒടുവിൽ അങ്ങിനെതന്നെ വേണ്ടിവന്നു. ഹസീന രാജിവച്ചതായി സ്ഥിരീകരിച്ചു. അന്ന് ധാക്കയിലെ ആ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നൂറുകണക്കിന് ആളുകൾ അതിക്രമിച്ച് കയറി. അവിടെകണ്ട ഫോട്ടോകൾ തകർക്കുകയും ഫർണിച്ചറുകളും സാധനങ്ങളും കൊള്ളയടിക്കുകയും ചെയ്തതായി അക്കാലത്തെ വലിയ വാർത്തകളായിരുന്നു. ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്നു കാത്തിരുന്നുകാണാം.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
