ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിലെ സിദ്ധരാമയ്യ-ഡി.കെ ശിവകുമാര്‍ അധികാരത്തര്‍ക്കം പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അടിയന്തിരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് ഹൈക്കമാന്‍ഡുമായുള്ള നിര്‍ണായക കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
മന്ത്രിസഭയിലെ ചില സഹപ്രവര്‍ത്തകര്‍ക്കും അടുത്ത അനുയായികള്‍ക്കുമൊപ്പമാണ് സിദ്ധരാമയ്യ ഡല്‍ഹിയിലേക്ക് തിരിക്കുന്നത്. എന്നാല്‍ ചര്‍ച്ചയുടെ കൃത്യമായ അജണ്ട എന്താണെന്ന് തനിക്ക് അറിയില്ലെന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിലവില്‍ ഡല്‍ഹിയിലെ ചര്‍ച്ചയിലേക്ക് ക്ഷണമില്ല. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ താനും ഡല്‍ഹിക്ക് പോകുമെന്നും എന്നാല്‍ മുഖ്യമന്ത്രി പദം മാറുന്നതിനെക്കുറിച്ച് പ്രതികരിക്കേണ്ടത് തന്റെ ജോലിയല്ലെന്നുമായിരുന്നു ഡി.കെയുടെ പ്രതികരണം. മുന്‍പ് പ്രമുഖ നേതാവ് ഡി. ദേവരാജ് അരശിന്റെ റെക്കോര്‍ഡ് മറികടന്ന് കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവെന്ന ചരിത്ര നേട്ടം സിദ്ധരാമയ്യ സ്വന്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറി മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് കര്‍ണാടകയില്‍ വീണ്ടും നേതൃമാറ്റ ചര്‍ച്ചകള്‍ സജീവമാകുന്നത്. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുണ്ടായ ധാരണ പ്രകാരം രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ശിവകുമാര്‍ ക്യാമ്പ് മുഖ്യമന്ത്രി പദത്തിനായി സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. തുടര്‍ന്ന് കേരള, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുമെന്ന സൂചനകളാണ് പുറത്തുവന്നത്. കഴിഞ്ഞ ആഴ്ച ഡി.കെ ശിവകുമാറിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ 'അടുത്ത മുഖ്യമന്ത്രി' എന്ന പോസ്റ്ററുകള്‍ കോണ്‍ഗ്രസ് ഓഫീസുകളില്‍ പതിച്ചതോടെയാണ് തര്‍ക്കം വീണ്ടും പരസ്യമായത്.
ഹൈക്കമാന്‍ഡിന് മുന്നിലുള്ള പ്രധാന ഫോര്‍മുലകളില്‍ ഒന്ന് നേതൃമാറ്റമാണ്. സിദ്ധരാമയ്യയെ മാറ്റി ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുക. സിദ്ധരാമയ്യയെ ഡല്‍ഹിയിലേക്ക് മാറ്റി രാജ്യസഭാ പ്രതിപക്ഷ നേതാവാക്കുക, പകരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കര്‍ണാടക മുഖ്യമന്ത്രിയാക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. അതുമല്ലെങ്കില്‍ വകുപ്പ് മാറ്റമാണ് മുന്നിലുള്ളത്. ഡി.കെ ശിവകുമാറിന് ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെയുള്ള കൂടുതല്‍ ശക്തമായ വകുപ്പുകള്‍ നല്‍കി സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കുക.
രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇരു വിഭാഗവുമായി സംസാരിച്ച് അടുത്ത രണ്ട് മൂന്ന് ദിവസത്തിനകം കര്‍ണാടകയിലെ തര്‍ക്കങ്ങളില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കൂടാതെ വരാനിരിക്കുന്ന രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളും മന്ത്രിസഭാ പുനസംഘടനയും ചര്‍ച്ചകളില്‍ പ്രധാന വിഷയമായേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
