ന്യൂഡെല്‍ഹി: പതിനഞ്ചാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാത്രി ജപ്പാനിലേക്ക് പുറപ്പെട്ടു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, പ്രാദേശിക, ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ജപ്പാന്‍, ചൈന സന്ദര്‍ശനങ്ങള്‍ രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമാവുമെന്ന് പുറപ്പെടുന്നതിന് മുമ്പ് ഒരു പ്രസ്താവനയില്‍ മോദി പറഞ്ഞു.
ഓഗസ്റ്റ് 29 മുതല്‍ 30 വരെ മോദി ജപ്പാനിലുണ്ടാവും. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി അദ്ദേഹം ഉച്ചകോടി ചര്‍ച്ചകള്‍ നടത്തും. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മോദിയുടെ എട്ടാം ജപ്പാന്‍ സന്ദര്‍ശനമാണിത്. ജപ്പാന്‍ പ്രധാനമന്ത്രി ഇഷിബയുമായുള്ള ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയും.
'കഴിഞ്ഞ 11 വര്‍ഷമായി സ്ഥിരവും ഗണ്യമായതുമായ പുരോഗതി കൈവരിച്ച ഞങ്ങളുടെ പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തിന്റെ അടുത്ത ഘട്ടം രൂപപ്പെടുത്തുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും,' പ്രസ്താവനയില്‍ മോദി പറഞ്ഞു. എഐ, സെമികണ്ടക്ടറുകള്‍ ഉള്‍പ്പെടെയുള്ള പുതിയതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനും ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷം, ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി ചൈനയിലേക്ക് പോകും. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 1 വരെ ചൈനയിലെ ടിയാന്‍ജിനിലാണ് ഉച്ചകോടി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെയും അദ്ദേഹം കാണും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താരിഫ് യുദ്ധം കടുപ്പിച്ച സാഹചര്യത്തിലുള്ള കൂടിക്കാഴ്ചകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്