അഹമ്മദാബാദ്: ജര്‍മന്‍ ശിശു സംരക്ഷണ വകുപ്പ് കസ്റ്റഡിയില്‍ വച്ചിരിക്കുന്ന ഇന്ത്യന്‍ വംശജയായ കുഞ്ഞ് അരിഹ ഷായെ തിരികെക്കിട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിച്ച് മാതാപിതാക്കള്‍. രണ്ടര വര്‍ഷത്തിലധികമായി കുഞ്ഞ് രക്ഷിതാക്കളില്‍ നിന്ന് അകന്നുകഴിയുകയാണ്.
ജര്‍മനിയില്‍വച്ച് കളിക്കുന്നതിനിടെ കുഞ്ഞിന്റെ സ്വകാര്യ ഭാഗത്തേറ്റ പരിക്കിനെ ചൊല്ലിയാണ് അവിടുത്തെ ഭരണകൂടം രക്ഷിതാക്കളില്‍ നിന്ന് അരിഹയെ മാറ്റി നിര്‍ത്തിയിരിക്കുന്നത്. അരിഹയുടെ മൂന്നാം ജന്മദിനത്തില്‍ തന്റെ മകളെ ജര്‍മനിയില്‍ നിന്ന് ഇന്ത്യയിലെ വീട്ടിലേക്ക് വളരെ പെട്ടന്ന് തന്നെ സുരക്ഷിതമായി കൊണ്ടുവരാന്‍ സഹായിക്കാന്‍ പ്രധാനമന്ത്രിയോട് മാതാപിതാക്കള്‍ അഭ്യര്‍ഥിക്കുകയായിരുന്നു.
കുഞ്ഞിന്റെ അമ്മ പറയുന്നതനുസരിച്ച് 7 മാസം പ്രായമുള്ളപ്പോള്‍ സ്വകാര്യ ഭാഗത്ത് പരിക്കേറ്റിരുന്നു. അങ്ങനെ കുഞ്ഞുമായി ആശുപത്രിയില്‍ എത്തി. പരിക്കിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അവിടുത്തെ ഡോക്ടര്‍ ഉറപ്പുനല്‍കി. പിന്നീട് മകളെയും കൊണ്ട് തുടര്‍ പരിശോധനയ്ക്ക് പോയപ്പോള്‍, അവിടെ ഒരു ചൈല്‍ഡ് കസ്റ്റഡി ഓഫീസര്‍ വരികയും അവര്‍ തങ്ങളില്‍ നിന്ന് കുഞ്ഞിനെ വാങ്ങി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് കൈമാറി തങ്ങള്‍ക്കെതിരെ ബാലപീഡനത്തിന് കള്ളക്കേസ് ചുമത്തിയെന്നും മാതാവ് ആരോപിക്കുന്നു.
ആശുപത്രിയില്‍വച്ച് ഡിഎന്‍എയും കുഞ്ഞ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും പരിശോധിച്ചിരുന്നു. എന്നാല്‍ അതില്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അമ്മ ധാര പറഞ്ഞു. കുഞ്ഞിനെ തിരികെ കിട്ടാനായി രണ്ടര വര്‍ഷമായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. വിദേശ കാര്യ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചിട്ടും ഇതുവരെ വ്യക്തമായ മറുപടി അവര്‍ നല്‍കിയിട്ടില്ല. മറ്റൊരു വഴിയും കാണാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിച്ചിരിക്കുന്നത്.
'ദയവായി ഞങ്ങളുടെ കുഞ്ഞിനെ തിരികെ കൊണ്ടുതരണം, എന്റെ കുഞ്ഞിനെ സംരക്ഷിക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നു' - ധാര പറഞ്ഞു. കുഞ്ഞ് ലൈംഗിക ചൂഷണത്തിന് ഇരയായിട്ടില്ലെന്ന് കണ്ടെത്തി കേസ് അവസാനിപ്പിച്ചെങ്കിലും മാതാപിതാക്കളോടൊപ്പം കുഞ്ഞ് സുരക്ഷിതയല്ലെന്ന് പറഞ്ഞ് ശിശു സേവന വിഭാഗം തങ്ങളുടെ കസ്റ്റഡിയില്‍ തന്നെ നിര്‍ത്തുകയായിരുന്നു.
മനശാസ്ത്ര പരിശോധനകള്‍ക്ക് താന്‍ വിധേയയായി. കോടതി നിയോഗിച്ച മനശാസ്ത്രജ്ഞന്‍ 11 മണിക്കൂറോളം തന്നെ ചോദ്യം ചെയ്ത് ഡിസംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ടര വര്‍ഷമായി താനും ഭര്‍ത്താവും തങ്ങളുടെ കുട്ടിയെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പാടുപെടുകയാണെന്ന് ധാര പറയുന്നു. 15 ദിവസത്തില്‍ ഒരിക്കല്‍ കുഞ്ഞിനെ സന്ദര്‍ശിക്കണമെന്ന കോടതി ഉത്തരവ് ചൈല്‍ഡ് സര്‍വീസസ് റദ്ദാക്കി. വീഡിയോ കോളുകളോ വോയ്സ് കോളുകളോ ചെയ്യാന്‍ അനുവാദമില്ലെന്നും ധാര പറയുന്നു.
കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ കാണാനായി തങ്ങളെ അവര്‍ അനുവദിച്ചത്. അധികൃതരില്‍ നിന്ന് അവളെ പാര്‍പ്പിച്ച സ്ഥലത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. തണുപ്പ് മാറ്റാന്‍ കുഞ്ഞിനെ ഒരുപാട് വസ്ത്രങ്ങളില്‍ പൊതിഞ്ഞാണ് കൊണ്ടുവന്നത്. അവളേക്കാള്‍ വലിയ വസ്ത്രവും, ചെരിപ്പുമെല്ലാമാണ് അവര്‍ മകള്‍ക്ക് നല്‍കിയത്. അവളുടെ മുടി പോലും കഴുകിയിരുന്നില്ല. മാത്രമല്ല ജര്‍മ്മന്‍ അധികൃതര്‍ തങ്ങളെ ന്യായമായ വിചാരണയ്ക്കല്ല വിധേയരാക്കിയതെന്നും ധാര ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്