ന്യൂഡല്‍ഹി: മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ സഹകരണ ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി റിസര്‍വ് ബാങ്ക്. മഹാരാഷ്ട്രയിലെ രണ്ട് ബാങ്കുകള്‍ക്കും കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും ഓരോ ബാങ്കുകള്‍ക്കും എതിരെയാണ് ആര്‍ബിഐ നടപടി. ജനലക്ഷ്മി സഹകരണ ബാങ്ക്, സോലാപൂര്‍ ജനതാ സഹകരണ ബാങ്ക്, ചിക്കമംഗലൂരു ജില്ലാ സഹകരണ സെന്‍ട്രല്‍ ബാങ്ക്, ദിണ്ടിഗല്‍ അര്‍ബന്‍ സഹകരണ ബാങ്ക് എന്നീ ബാങ്കുകള്‍ക്കാണ് വന്‍ തുക പിഴ അടയ്‌ക്കേണ്ടത്.
നാസിക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനലക്ഷ്മി സഹകരണ ബാങ്കാണ് ഏറ്റവും കൂടുതല്‍ പിഴ അടക്കേണ്ടത്. ആകെ 59.90 ലക്ഷം രൂപ പിഴയടക്കാനാണ് ആര്‍ബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. നിശ്ചിത സമയ പരിധിക്കുള്ളില്‍ ബാങ്കില്‍ മാനേജ്‌മെന്റിന് ബോര്‍ഡിനെ തിരഞ്ഞെടുക്കാന്‍ സാധിച്ചില്ലെന്ന കാരണത്തിലാണ് നടപടി.
ചുരുക്കം അംഗങ്ങള്‍ക്ക് പരിധിയില്‍ കവിഞ്ഞ ഇളവ് നല്‍കിയതും എസ്ബിഐ നല്‍കുന്ന പലിശയേക്കാള്‍ ഉയര്‍ന്ന പലിശ നല്‍കി നിക്ഷേപം സ്വീകരിച്ചുവെന്ന കുറ്റങ്ങളും ബാങ്കിനെതിരെയുണ്ട്. കാരണം കാണിക്കല്‍ നോട്ടീസിന് ബാങ്ക് മറുപടി നല്‍കിയെങ്കിലും അതില്‍ തൃപ്തരാകാതെയാണ് കേന്ദ്ര ബാങ്ക് പിഴയിട്ടത്.
മഹാരാഷ്ട്രയിലെ തന്നെ സോലാപൂര്‍ ജനതാ സഹകരണ ബാങ്കിന് 28.30 ലക്ഷം രൂപയും പിഴയിട്ടിട്ടുണ്ട്. മതിയായ യോഗ്യത ഇല്ലാത്തയാളെ മാനേജ്‌മെന്റ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് തെറ്റായ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. ഇതിന് പുറമെ കര്‍ണാടകത്തിലെ ചിക്കമംഗലൂരു ജില്ലാ സഹകരണ സെന്‍ട്രല്‍ ബാങ്കിന് അരലക്ഷം (50000) രൂപ പിഴയിട്ടിട്ടുണ്ട്.
സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് വിവരം നബാര്‍ഡിന് (നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ്) നല്‍കാന്‍ വൈകിയെന്ന കുറ്റത്തിലാണ് പിഴ ഈടാക്കിയത്. തമിഴ്നാട്ടിലെ ദിണ്ടിഗല്‍ അര്‍ബന്‍ സഹകരണ ബാങ്കിനോട് 25000 രൂപ പിഴയടക്കാനും കേന്ദ്ര ബാങ്ക് നിര്‍ദ്ദേശം നല്‍കി. ഇഷ്ടക്കാര്‍ക്ക് പരിധിയില്‍ കൂടുതല്‍ വായ്പ നല്‍കിയതാണ് ഈ ബാങ്കിനെതിരെ നടപടി സ്വീകരിക്കാന്‍ കാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്