ന്യൂഡൽഹി: രാജ്യത്തെ പിന്നാക്ക ജില്ലകളിലെ ഗർഭിണികളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവും ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കുന്നതിനായി നിതി ആയോഗും, യുനിസെഫ് ഇന്ത്യയും തമ്മിൽ സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവെച്ചു. രാജ്യത്തെ 'ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ്സ്' 'ആസ്പിരേഷണൽ ബ്ലോക്ക്സ്' എന്നിവടങ്ങളിലെ ആരോഗ്യ-പോഷകാഹാര പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യ മാതൃ-ശിശു ആരോഗ്യ പരിപാലന രംഗത്ത് വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, ഭൂമിശാസ്ത്രപരമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ പോഷകാഹാരക്കുറവ് ഇപ്പോഴും വലിയൊരു പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുന്നുണ്ട്.
ഗർഭാവസ്ഥയിലും ആദ്യകാല ബാല്യത്തിലുമുള്ള പോഷകാഹാരക്കുറവ് കുട്ടികളുടെ വളർച്ചക്കുറവ് , ബുദ്ധിവികാസത്തിലെ കുറവ്, പ്രതിരോധശേഷി ഇല്ലായ്മ എന്നിവയ്ക്ക് കാരണമാകുന്നു. ഈ പ്രതിസന്ധി മറികടക്കാൻ നിതി ആയോഗിന്റെ നയരൂപീകരണ മികവും യുനിസെഫിന്റെ സാങ്കേതിക വൈദഗ്ധ്യവും ഫീൽഡ് തലത്തിലുള്ള പരിചയസമ്പത്തും ഒന്നിച്ച് ഉപയോഗിക്കും.
ഗ്രാമപ്രദേശങ്ങളിലെയും ഉൾനാടുകളിലെയും സാധാരണക്കാരിലേക്ക് ആരോഗ്യ സേവനങ്ങൾ എത്തിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യമെന്ന് നിതി ആയോഗ് അഡീഷണൽ സെക്രട്ടറിയും മിഷൻ ഡയറക്ടറുമായ രോഹിത് കുമാർ വ്യക്തമാക്കി. കൂടാതെ, കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ടുകൾ വലിയ തോതിൽ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനായി പൊതു-സ്വകാര്യ മേഖലയിലെ പ്രമുഖ ബിസിനസ്സ് സ്ഥാപനങ്ങളെയും വ്യവസായ അസോസിയേഷനുകളെയും പദ്ധതിയുടെ ഭാഗമാക്കാൻ യുനിസെഫ് സഹായിക്കും.
കുട്ടി ജനിക്കുന്നത് മുതൽ ആദ്യത്തെ 1,000 ദിവസങ്ങൾ വരെയുള്ള വളർച്ചാ കാലയളവ് വളരെ നിർണ്ണായകമാണ്. ഈ സമയത്ത് അമ്മമാർക്കും കുട്ടികൾക്കും കൃത്യമായ പോഷകാഹാരം, പ്രതിരോധ കുത്തിവെയ്പ്പുകൾ, മുലയൂട്ടൽ പിന്തുണ, ശുദ്ധമായ കുടിവെള്ളം, മികച്ച ശുചിത്വ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിലൂടെ ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) കൈവരിക്കാൻ ഈ പുതിയ സഖ്യം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
