ലഖ്നൗ: ബോളിവുഡ് നടി ദിഷാ പഠാനിയുടെ വീടിന് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് തിരയുന്ന രണ്ട് പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. റോഹിത് ഗൊദാര-ഗോൾഡി ബ്രാർ സംഘത്തിലെ സജീവ അംഗങ്ങളായ ഇവർ, ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്‌സും (എസ്.ടി.എഫ്.) ഡൽഹി പോലീസും ചേർന്ന് ഗാസിയാബാദിൽ നടത്തിയ ഓപ്പറേഷനിലാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ആഴ്ചയാണ് ദിഷാ പഠാനിയുടെ ഉത്തർപ്രദേശിലെ ബറേലിയിലുള്ള വസതിക്ക് നേരെ അജ്ഞാതരായ അക്രമികൾ വെടിയുതിർത്തത്. സംഭവത്തിന് ശേഷം കനേഡിയൻ അധോലോക സംഘാംഗമായ ഗോൾഡി ബ്രാർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ദിഷാ പഠാനിയും സഹോദരിയും മതനേതാക്കളെക്കുറിച്ച് നടത്തിയ പരാമർശങ്ങളിൽ പ്രകോപിതരായാണ് ആക്രമണം നടത്തിയതെന്നായിരുന്നു പോസ്റ്റിൽ പറഞ്ഞിരുന്നത്.
സംഭവത്തിനുശേഷം പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയും, അവരെ പിടികൂടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളും, ഇന്റലിജൻസ് വിവരങ്ങളും ഉപയോഗിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഹരിയാനയിലെ റോഹ്തക്കിൽ നിന്നുള്ള രവീന്ദ്രയും, സോണിപത്തിൽ നിന്നുള്ള അരുണുമാണ് പ്രതികളെന്ന് കണ്ടെത്തിയിരുന്നു.
ബുധനാഴ്ച രാവിലെ ഗാസിയാബാദിലെ ട്രോണിക്ക സിറ്റിയിൽ വെച്ച് എസ്.ടി.എഫ്. നോയിഡ യൂണിറ്റും ഡൽഹി പോലീസും ഇവരെ തടഞ്ഞുനിർത്താൻ ശ്രമിച്ചപ്പോൾ, ഇവർ പോലീസിനുനേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഇരുവരെയും ഗുരുതരമായി പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രവീന്ദ്രക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും, നേരത്തെയും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്