ന്യൂഡെല്‍ഹി: 75 ാം വയസ്സില്‍ വിരമിക്കുക എന്ന തന്റെ പ്രസ്താവന ആരെയും ഉദ്ദേശിച്ചല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ വിശദീകരണം. നാഗ്പൂരില്‍ വെച്ച് ഭാഗവത് നടത്തിയ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചാണെന്ന് പ്രതിപക്ഷം ആരോപിച്ച സാഹചര്യത്തിലാണ് തിരുത്തല്‍.
മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് മൊറോപന്ത് എന്നറിയപ്പെടുന്ന മൊറേശ്വര്‍ നീലകാന്ത് പിംഗ്ലെ പറഞ്ഞ ഒരു തമാശ താന്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്ന് ആര്‍എസ്എസ് ശതാബ്ദി പരിപാടികളുടെ ഭാഗമായി ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഭാഗവത് പറഞ്ഞു. ''ഞാന്‍ വിരമിക്കുമെന്നോ മറ്റാരെങ്കിലും വിരമിക്കണമെന്നോ ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല'' അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും വിരമിക്കാന്‍ തയ്യാറാണ്, സംഘം ആഗ്രഹിക്കുന്നിടത്തോളം കാലം ജോലി ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്,' ഭഗവത് പറഞ്ഞു. താന്‍ ആര്‍എസ്എസ് അധ്യക്ഷപദം വിട്ടാല്‍ ആ സ്ഥാനത്തേക്ക് എത്താന്‍ യോഗ്യരായ 10 പേരെങ്കിലും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൗമാര കാലം മുതല്‍ ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്ന ശേഷം ബിജെപിയിലേക്ക് മാറിയ പ്രധാനമന്ത്രി മോദിക്ക് ഈ സെപ്റ്റംബര്‍ 17 ന് 75 വയസ്സ് തികയുകയാണ്. ഭാഗവത് അതിന് ഒരാഴ്ച മുമ്പ് 75 ാം പിറന്നാള്‍ ആഘോഷിക്കും.
ഭാഗവത് വീണ്ടും മോദിക്ക് വിരമിക്കല്‍ സംബന്ധിച്ച ഒരു സൂചന നല്‍കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്