ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറാന്‍ കൂടുതല്‍ സമയം വേണമെന്ന് സുപ്രീം കോടതിയോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). വിവരങ്ങള്‍ നല്‍കാനുള്ള അവസാന തിയതി ജൂണ്‍ 30 വരെ നീട്ടണമെന്നാണ് എസ്.ബി.ഐയുടെ ആവശ്യം. മാര്‍ച്ച് ആറിന് മുമ്പ് വിവരങ്ങള്‍ നല്‍കണമെന്നാണ് സുപ്രീം കോടതി നേരത്തേ എസ്.ബി.ഐയോട് നിര്‍ദേശത്.
അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, കോമണ്‍ കോസ് തുടങ്ങിയ സംഘടനകളാണ് ബോണ്ട് പദ്ധതിക്കെതിരേ ഹര്‍ജി നല്‍കിയത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച സംവിധാനമാണ് ഇലക്ടറല്‍ ബോണ്ട്. ഫെബ്രുവരി 15 നാണ് ചരിത്രപരമായ വിധിയിലൂടെ സുപ്രീം കോടതി ഇലക്ടറല്‍ ബോണ്ട് സംവിധാനം റദ്ദാക്കിയത്. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വെക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ വിധി. അതിനൊപ്പമാണ് ഇലക്ടറല്‍ ബോണ്ട് വഴിയുള്ള സംഭാവനകള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കാന്‍ എസ്.ബി.ഐയോടും ഈ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോടും സുപ്രീം കോടതി നിര്‍ദേശിച്ചത്.
പുതുതായി ഇലക്ടറല്‍ ബോണ്ടുകള്‍ നല്‍കുന്നത് നിര്‍ത്താനും സുപ്രീം കോടതി എസ്.ബി.ഐയോട് നിര്‍ദേശിച്ചിരുന്നു. അംഗീകൃത ബാങ്കില്‍ നിന്ന് (എസ്.ബി.ഐ) തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കാമെന്നതാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി. ലഭിക്കുന്ന ബോണ്ടുകള്‍ 15 ദിവസത്തിനകം പാര്‍ട്ടികള്‍ക്ക് പണമാക്കി മാറ്റാം. സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമാണെന്നതാണ് പദ്ധതിയുടെ പ്രത്യേകത. അതിലെ സുതാര്യതക്കുറവ് തന്നെയാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതും.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവന പണമായി നല്‍കുന്ന പഴയ രീതിയിലേക്ക് തിരിച്ചുപോകേണ്ടതില്ലെന്നും അതേസമയം, തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിലെ ഗൗരവതരമായ പിഴവുകള്‍ പരിഹരിക്കണമെന്നും കേസ് വിധി പറയാന്‍ മാറ്റവേ സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു.
ബോണ്ടുകള്‍വഴി സംഭാവന നല്‍കുന്നവര്‍ ആരെന്ന് സ്വീകരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയ്ക്ക് അറിയാനാകും. അതേസമയം മറ്റ് പാര്‍ട്ടികള്‍ക്ക് അറിയാനാകില്ല. ഈ രഹസ്യാത്മകതയാണ് ദാതാക്കള്‍ ഉദ്ദേശിക്കുന്നതെന്നും പ്രായോഗികത കണക്കിലെടുത്താണ് പദ്ധതി ആവിഷ്‌കരിച്ചതെന്നും കേന്ദ്രം വാദിച്ചിരുന്നു. 2018 മുതലാണ് ബോണ്ടുകള്‍ നല്‍കിത്തുടങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്