മുംബൈ: തണ്ണിമത്തന്‍ കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലമാണ് മുംബൈയിലെ നാലംഗ കുടുംബം മരിച്ചതെന്ന പ്രചാരണങ്ങള്‍ തള്ളി ഫോറന്‍സിക് റിപ്പോര്‍ട്ട്. മൊബൈല്‍ ഷോപ്പ് ഉടമയായ അബ്ദുള്ള ഡോകാഡിയ (45), ഭാര്യ നസ്രീന്‍ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരുടെ മരണത്തിന് പിന്നില്‍ മാരകമായ വിഷാംശമാണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സാധാരണ ഭക്ഷ്യവിഷബാധയേറ്റു മരിക്കുന്നവരില്‍ കാണാത്ത ലക്ഷണങ്ങളാണ് ഈ കുടുംബത്തിലുണ്ടായിരുന്നത്. മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടല്‍ തുടങ്ങിയ ആന്തരാവയവങ്ങള്‍ അസാധാരണമാംവിധം പച്ചനിറത്തില്‍ കണ്ടെത്തിയിരുന്നു. ഇത് ശരീരത്തിനുള്ളിലെത്തിയ ശക്തമായ ഏതോ വിഷാംശത്തിന്റെ ഫലമാണെന്നാണ് നിഗമനം. അബ്ദുള്ള ഡോകാഡിയയുടെ ശരീരത്തില്‍ ശക്തമായ വേദനസംഹാരിയായ മോര്‍ഫിന്‍ സാന്നിധ്യവും കണ്ടെത്തിയിരുന്നു.
മെഡിക്കല്‍ നിര്‍ദ്ദേശപ്രകാരം മാത്രം നല്‍കുന്ന ഈ മരുന്ന് എങ്ങനെ ശരീരത്തിലെത്തിയെന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. കുടുംബം പുലര്‍ച്ചെ തണ്ണിമത്തന്‍ കഴിച്ചതാണ് മരണകാരണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് വിപണിയില്‍ തണ്ണിമത്തന്‍ വില്‍പനയില്‍ വലിയ ഇടിവുണ്ടായിരുന്നു. എന്നാല്‍, തണ്ണിമത്തന് മരണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. കുടുംബത്തോടൊപ്പം പുലാവ് കഴിച്ച മറ്റ് അഞ്ച് ബന്ധുക്കള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ ഭക്ഷണത്തില്‍ ആരെങ്കിലും വിഷം കലര്‍ത്തിയതാണോ എന്നും അന്വേഷിക്കുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധിയോ മറ്റേതെങ്കിലും തരത്തിലുള്ള മാനസിക സമ്മര്‍ദ്ദമോ കുടുംബത്തിനുണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്. ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്നറിയാന്‍ കൂടുതല്‍ രാസപരിശോധനകള്‍ക്കായി ആന്തരാവയവങ്ങള്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
