ചെന്നൈ: 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ നിന്നുള്ള ടി.വി.കെ സ്ഥാനാർത്ഥി വി.എസ് ബാബുവിന്റെ വിജയം ചോദ്യം ചെയ്തുകൊണ്ട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിൻ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
ചീഫ് ജസ്റ്റിസ് എസ്.എ ധർമ്മാധികാരി, ജസ്റ്റിസ് ജി അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയത്. കൊളത്തൂരിൽ 8,795 വോട്ടുകളുടെ തോൽവിയാണ് സ്റ്റാലിൻ ഏറ്റുവാങ്ങിയത്.
തിരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനുകളിലും വി.വി.പാറ്റുകളിലും ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് മണ്ഡലത്തിലെ മുഴുവൻ വോട്ടുകളും എണ്ണി തിട്ടപ്പെടുത്തണമെന്നും വി.എസ് ബാബുവിന്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സ്റ്റാലിൻ ഹർജി നൽകിയത്.
എന്നാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 329 (ബി) പ്രകാരം തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ ഇലക്ഷൻ പെറ്റീഷനായി മാത്രമേ നൽകാൻ സാധിക്കൂ എന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച എതിർവാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
വോട്ടെണ്ണലിന് ശേഷം വോട്ടിംഗ് മെഷീൻ പരിശോധനയ്ക്കായി അപേക്ഷ നൽകിയിരുന്നെന്നും എന്നാൽ 45 ദിവസത്തെ സമയപരിധി കഴിഞ്ഞ ശേഷമാണ് കമ്മീഷൻ പരിശോധന നടത്തിയതെന്നും സ്റ്റാലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. കഴിഞ്ഞ മൂന്ന് തവണയായി എം.കെ സ്റ്റാലിൻ വിജയിച്ച കൊളത്തൂരിൽ നടൻ വിജയിയുടെ പാർട്ടിയായ ടി.വി.കെ ആദ്യ മത്സരത്തിൽ തന്നെ വിജയം നേടിയത് ഡി.എം.കെയ്ക്ക് വലിയ ആഘാതമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
