ബംഗളൂരു: കർണാടകയിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ടിക്കറ്റ് നിഷേധിക്കപ്പെട്ടവരിൽ അതൃപ്തി. ഹവേരിയിൽ നിന്നോ ധാർവാഡിൽ നിന്നോ ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർക്ക് സീറ്റ് നിഷേധിച്ചു. ആദ്യ ഘട്ട പട്ടികയിൽ ഈ രണ്ടു മണ്ഡലങ്ങളിലും മറ്റു സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയായിരുന്നു.
ഹുബ്ബള്ളി - ധാർവാഡ് മണ്ഡലത്തിൽ സിറ്റിങ് എം പി പ്രൽഹാദ് ജോഷിയും, ഹാവേരിയിൽ കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമാണ് സ്ഥാനാർഥികൾ. ബെലഗാവി മണ്ഡലം നൽകാൻ ബിജെപി തയ്യാറാണെങ്കിലും ഈ മണ്ഡലത്തിൽ ജയസാധ്യത കുറവായതിനാൽ ഷെട്ടാറിനു വലിയ താല്പര്യമില്ല. ഇതോടെ കോൺഗ്രസിൽ നിന്ന് കഴിഞ്ഞ ജനുവരിയിൽ നടത്തിയ 'ഘർവാപസി' കൊണ്ട് ഷെട്ടാറിനു പ്രയോജനം ഇല്ലാതായിരിക്കുകയാണ്.
സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ച ഷെട്ടാർ അനുയായികളുടെ യോഗം വിളിച്ച് ഭാവി പരിപാടികൾ ഇന്ന് തീരുമാനിക്കുമെന്ന് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ ഇന്ന് ബംഗളൂരുവിൽ എത്തുന്ന പ്രധാനമന്ത്രിയെയും അനുഗമിക്കുന്ന ദേശീയ നേതാക്കളെയും ഷെട്ടാർ കാണുമെന്നാണ് സൂചന.
കഴിഞ്ഞ വർഷം നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ബിജെപിക്ക് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ജഗദീഷ് ഷെട്ടാർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് ഇതേ ടിക്കറ്റ് നൽകിയെങ്കിലും ബിജെപി സ്ഥാനാർഥിയോട് ഷെട്ടാർ പരാജയപ്പെട്ടു. തുടർന്ന് കോൺഗ്രസ് ലെജിസ്ളേറ്റിവ് കൗൺസിലിൽ അംഗത്വം നൽകുകയായിരുന്നു .
ജഗദീഷ് ഷെട്ടാറിനു സമാനമായി ടിക്കറ്റ് നിഷേധത്തിൽ കലാപക്കൊടി ഉയർത്തിയ ആളാണ് മുതിർന്ന നേതാവ് കെ എസ് ഈശ്വരപ്പ. തനിക്കു സീറ്റില്ലെങ്കിൽ മകൻ കാന്തേഷിനു സീറ്റു നൽകണമെന്നായിരുന്നു ഈശ്വരപ്പ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാൽ കാന്തേഷിന് വേണ്ടി ഈശ്വരപ്പ ആഗ്രഹിച്ച ഹാവേരി മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ എംഎൽഎയുമായ ബസവരാജ് ബൊമ്മെയെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെ ഈശ്വരപ്പയും നേതൃത്വത്തിന് നേരെ തിരിഞ്ഞിരിക്കുകയാണ്. സീറ്റ് നിഷേധത്തിന് പിന്നിൽ ബിഎസ് യെദ്യൂരപ്പയും മകനുമടക്കമുള്ള കുടുംബമാണെന്ന് ആരോപിച്ച് ഈശ്വരപ്പ പരസ്യമായി രംഗത്തെത്തി കഴിഞ്ഞു .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്