ചെന്നൈ: ടിവികെ (തമിഴക വെട്രി കഴകം) പ്രസിഡന്റും നടനുമായ വിജയ്‌യുടെ ആദ്യ ചുവടുവെപ്പില്‍ തന്നെ പ്രതിസന്ധി. റാലി ആവേശക്കടലായി ആരംഭിച്ച് ദുരന്തമായി മാറുകയായിരുന്നു. വിജയ്യുടെ അഞ്ചാമത്തെ പൊതുയോഗമായിരുന്നു കരൂരിലേത്.
ജീവനറ്റ ശരീരങ്ങള്‍ക്കു മുന്നില്‍ അലമുറയിട്ടു കരയുന്നവര്‍, സഹായത്തിനായി കേഴുന്നവര്‍, ആശുപത്രിയിലേക്ക് പരുക്കേറ്റവരുമായി കുതിക്കുന്ന ആംബുലന്‍സുകളുമായി ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു കരൂരില്‍ ഇന്നലെ രാത്രിയിലേത്. പതിനായിരം പേര്‍ പങ്കെടുക്കുന്ന ചടങ്ങെന്നാണ് ടിവികെ ജില്ലാ ഭാരവാഹികള്‍ പറഞ്ഞിരുന്നത്. ഉച്ചയ്ക്ക് 3 മണി മുതല്‍ രാത്രി 10 വരെയാണ് യോഗത്തിന് അനുമതി നല്‍കിയത്. റാലി കരൂര്‍ ബൈപ്പാസിലെത്തുമ്പോള്‍ സ്ഥലത്ത് ജനസാഗരമായിരുന്നു. ബൈപ്പാസ് മുതല്‍ വിജയ് കാരവാനില്‍ എഴുന്നേറ്റു നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്തു. കെട്ടിടങ്ങള്‍ക്കും വൈദ്യുതി പോസ്റ്റുകള്‍ക്കും മുകളില്‍രെയും വിജയ്യെ കാണാനായി ആളുകള്‍ കയറിനിന്നു.
ജനകൂട്ടം വിജയ്യുടെ കാരവാന് ഒപ്പം സഞ്ചരിച്ചതോടെ വാഹനം മുന്നോട്ടു നീങ്ങാന്‍ ഏറെ പ്രയാസപ്പെട്ടു. ഏറെ വൈകിയാണ് വേലുച്ചാമിപുരത്ത് വിജയ് പ്രസംഗം ആരംഭിച്ചത്. ഇതിനിടെ, ചിലര്‍ കുഴഞ്ഞു വീണതായി കാരവാന് മുന്നിലുണ്ടായിരുന്നവര്‍ വിജയ്ക്ക് സൂചന നല്‍കി. അവര്‍ക്ക് വെള്ളം നല്‍കാന്‍ വിജയ് നിര്‍ദേശിച്ചു. പലരും കുഴഞ്ഞുവീണെന്നും 9 വയസ്സുള്ള കുട്ടിയെ കാണാതായെന്നും ടിവികെ നേതാവ് ആദവ് അര്‍ജുന മുന്നറിയിപ്പ് നല്‍കിയതോടെ വിജയ് പ്രസംഗം അവസാനിപ്പിച്ചു കാരവാന് ഉള്ളിലേക്ക് മടങ്ങുകയായിരുന്നു.
ആംബുലന്‍സുകള്‍ ജനക്കൂട്ടത്തിന് നടുവിലേക്ക് എത്താന്‍ ഏറെ പ്രയാസപ്പെട്ടു. ആംബുലന്‍സിന്റെ ശബ്ദവും, ആളുകള്‍ കുഴഞ്ഞു വീണെന്ന പ്രചാരണവും തിരക്ക് വര്‍ധിപ്പിച്ചു. ജനം സ്ഥലത്തുനിന്ന് മാറാന്‍ തിരക്ക് കൂട്ടിയതോടെ വലിയ തിക്കും തിരക്കുമായി. കുഴഞ്ഞു വീണവര്‍ക്ക് മുകളിലേക്ക് ആളുകള്‍ കൂട്ടത്തോടെ വീണു. കുട്ടികളും സ്ത്രീകളും തിരക്കിനിടയില്‍പ്പെട്ട് ചിവിട്ടി മെതിക്കപ്പെട്ടു. ജനക്കൂട്ടത്തെ മാറ്റാന്‍ കഴിയാതെ വന്നതോടെ രക്ഷാപ്രവര്‍ത്തനം ആദ്യ ഘട്ടത്തില്‍ പ്രസ്തന്ധിയിലായി.
ഏറെ പ്രസാസപ്പെട്ടാണ് പരുക്കേറ്റവരെ അടുത്തുള്ള മെഡിക്കല്‍ കോളജിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും മാറ്റിയത്. കുട്ടികളുടെയും സ്ത്രീകളുടെയും ചെരുപ്പുകളും ബാഗുകളും സ്ഥലത്ത് ചിതറി കിടന്നു. റാലി ആരംഭിച്ചപ്പോള്‍ മുതല്‍ കുട്ടികളുമായി കുടുംബസമേതം ആളുകള്‍ എത്തുന്നത് പതിവ് കാഴ്ചയായിരുന്നു. തീരെ ചെറിയ കുട്ടികളുമായി എത്തുന്നത് സുരക്ഷാ പ്രശ്‌നത്തിന് ഇടയാക്കുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും അവഗണിക്കപ്പെട്ടു. ഇന്നലെ രാത്രി വൈകിയാണ് കരൂരിലെ യോഗത്തിന് അനുമതി ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
