രാജ്യമൊട്ടാകെ കോൺഗ്രസ് അതിന്റെ പരാജയം തുടർക്കഥയായി മാറ്റുകയാണ്. പുനർജ്ജീവനം പ്രതീക്ഷയും വെളിച്ചവുമായി മാറിയ കാലത്തിന് പ്രസക്തി തന്നെ ഇല്ലാതെയാകുന്നു. മടങ്ങി വരവിന് ഇനി ആവശ്യം ധീരമായ തീരുമാനം മാത്രമാണ്. അടിമുടി താഴേതട്ടിൽ പരിഷ്‌കരണം നടത്തി എന്നു വാദിക്കുന്ന കോൺഗ്രസ്. അപ്പോൾ ഇനി മറുചോദ്യം ഇതാണ്, മാറേണ്ടത് ആരാണ്?
കോൺഗ്രസിന്റെ ദേശീയ നേതൃത്വഘടന തന്നെ പാർട്ടിയെ വളരാൻ അനുവദിക്കാത്ത പ്രധാന തടസ്സമായി മാറിയിരിക്കുന്നു എന്നതാണ് തുടർച്ചയായ പരാജയങ്ങൾ പറയാതെ പറയുന്നത്. ഹൈക്കമാൻഡ് കൈകളിൽ കൂടുതലായ അധികാരം സ്രവിച്ച് കേന്ദ്രീകരിച്ചതാണ് പാർട്ടിയുടെ ക്ഷയത്തെ വേഗത്തിലാക്കിയത്.
രാജ്യത്തെ രാഷ്ട്രീയഭൂപടത്തിൽ കോൺഗ്രസിന്റെ ശക്തി കുറയുന്നുവെന്നത് യാഥാർത്ഥ്യത്തിന്റെ ചെറിയ ഭാഗം മാത്രമാണ്. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് ഇന്ന് ഒരു പ്രവർത്തനക്ഷമ പാർട്ടിയേക്കാൾ, ഒരു പഴയ ഓർമ്മ എന്ന നിലയിലെത്തി അവസ്ഥ. ഈ അവസ്ഥ ഒരൊറ്റ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഫലമായുണ്ടായതല്ല, വർഷങ്ങളായി നേതൃത്ത്വത്തിലെ തെറ്റായ തീരുമാനങ്ങളും നേതൃത്വത്തിന്റെ അനിശ്ചിതത്വവും ചേർന്നുണ്ടാക്കിയ ദീർഘകാല തകർച്ചയാണ് എന്നതാണ് സത്യം.
സംഘടന പാളിക്കിടക്കുമ്പോൾ, പുതുതലമുറയെ മുന്നോട്ടുകൊണ്ടുവരേണ്ട സമയത്ത്, നേതൃത്വം പഴയ സ്ഥാനങ്ങളിൽ തന്നെ പിടിച്ചുനിൽക്കുകയാണ്. ഇതാണ് പാർട്ടിക്ക് ഏറ്റവും വലിയ തിരിച്ചടിയായി മാറിയത്. സംസ്ഥാന കമ്മിറ്റികൾ പ്രവർത്തനരഹിതമാകുകയും പ്രാദേശിക യൂണിറ്റുകൾ തകരുകയും ചെയ്തിട്ടും, നേതൃത്വത്തിൽ നിന്ന് ദിശാബോധം പകരുന്ന, നടപടികൾ ഒന്നും കാണുന്നില്ല.
തിരഞ്ഞെടുപ്പിലായി ഉയർത്തുന്ന വിഷയങ്ങൾ ശരിയായവയാണെങ്കിലും അവ ജനങ്ങളിലേക്കെത്തിക്കാൻ ആവശ്യമായ അടിത്തറ പാർട്ടിക്ക് ഇല്ല. അതേസമയം, എതിരാളികൾ ഉറച്ച കേഡർ സംവിധാനത്തോടും സ്ഥിരപ്രവർത്തനത്തോടും മുന്നേറുന്നു. കോൺഗ്രസ് ഈ 'ഗ്രൗണ്ടിലുള്ള സാന്നിധ്യം' തന്നെയാണ് ഇന്ന് കൂടുതലായി നഷ്ടപ്പെടുത്തിയിരിക്കുന്നത്.
കോൺഗ്രസ് ദേശീയരംഗത്ത് വീണ്ടും ഉയരണമെങ്കിൽ, ചെയ്യേണ്ട പുനർപരിശോധന വളരെ വ്യക്തമാണ്:
പഴയ മുഖങ്ങൾ അലങ്കരിച്ചു വീണ്ടും മുന്നോട്ടുവന്നാൽ മാറ്റമൊന്നും നടക്കില്ല.
തലമുറമാറ്റം നിർബന്ധമാണ്. സംഘടന പുനർനിർമ്മിക്കൽ മറികടക്കാനാകാത്ത പ്രാധാന്യം ഉള്ളതാണ്. പ്രാദേശിക നേതൃത്വത്തിന് യഥാർത്ഥ അധികാരം നൽകണം. ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയചടുലത വേഗത്തിലാണ്.
ഈ വേഗത്തിൽ ഒത്തു ചേരാനും അത് തിരിച്ചറിയാനും കഴിയാത്ത നേതൃത്ത്വമാണ് കോൺഗ്രസിന് ഏറ്റവും വലിയ ബുദ്ധിമുട്ട്. പ്രായാധിക്യം മറന്ന് അധികാര കൊതിയിലാണ് പലരും. ്രതീക്ഷയോടെ നേതൃനിരയിൽ കണ്ട ചെറുപ്പക്കാരുടെ പേരുകളും മാറ്റി എഴുതുക തന്നെ വേണം.ഈ പ്രതീക്ഷയറ്റ നേതൃത്വരീതി മാറ്റാതെ പാർട്ടിക്ക് മുന്നോട്ട് പോകാനും ഉയരാനും ഇനി വഴിയില്ല.
ജനാധിപത്യ മതേതര മൂല്യങ്ങൾ തിരിച്ചു പിടിക്കാൻ രാജ്യത്തിനാവശ്യം കോൺഗ്രസ് തന്നെയാണ്. എന്നിട്ടും കോൺഗ്രസ് നേതൃത്വം എന്തു ചെയ്തു. പേരിനൊരു പ്രതിപക്ഷമല്ല, പ്രതീക്ഷയേകുന്ന പ്രതിപക്ഷമാണ് ഇനി നമുക്കാവശ്യം. നേതൃനിര അടിമുടി പൊളിച്ചെഴുതണം. നിലവിലെ നേതാക്കളിൽ പ്രതീക്ഷ ഇതോടെ അസ്തമിച്ചു എന്നതാണ് സത്യം
ജെയിംസ് കൂടൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
