ന്യൂഡെല്‍ഹി: രണ്ട് ഹെലികോപ്റ്ററുകളും മെഡിക്കല്‍, മാനുഷിക ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു വിമാനവും പ്രവര്‍ത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി മാലദ്വീപില്‍ വിന്യസിച്ചിരിക്കുന്ന സൈനിക ഉദ്യോഗസ്ഥരെ പിന്‍വലിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഇവര്‍ക്ക് പകരം യോഗ്യരായ സാങ്കേതിക വിദഗ്ധരെ നിയമിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
''ഇപ്പോഴത്തെ ഉദ്യോഗസ്ഥര്‍ക്ക് പകരം ഇന്ത്യന്‍ സാങ്കേതിക ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു,'' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ദ്വീപില്‍ വിന്യസിച്ചിരിക്കുന്ന 75 ലധികം ഇന്ത്യന്‍ സൈനികരെ മാര്‍ച്ച് 15 ന് അകം നീക്കം ചെയ്യണമെന്ന മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. സൈനികരെ പിന്‍വലിക്കുന്നതടക്കം അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
പ്രശ്നം പരിഹരിക്കുന്നതിനായി ഇരുപക്ഷവും ചേര്‍ന്ന് രൂപീകരിച്ച ഉന്നതതല കോര്‍ ഗ്രൂപ്പിന്റെ രണ്ടാം യോഗത്തില്‍ ഹെലികോപ്റ്ററുകളും വിമാനവും പ്രവര്‍ത്തിപ്പിക്കുന്നതിന് നിയോഗിക്കപ്പെട്ട സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ധാരണയായിരുന്നു. മാര്‍ച്ച് 10-നകം വിമാനം പ്രവര്‍ത്തിപ്പിക്കുന്ന സൈനികരെ ഇന്ത്യ മാറ്റുമെന്നും മെയ് 10-നകം എല്ലാ ഉദ്യോഗസ്ഥരെയും പിന്‍വലിക്കുമെന്നും മാലിദ്വീപ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉന്നതതല കോര്‍ ഗ്രൂപ്പിന്റെ മൂന്നാമത്തെ യോഗം വൈകാതെ നടക്കും.
ഇന്ത്യ നല്‍കിയ രണ്ട് എഎല്‍എച്ച് ഹെലികോപ്റ്ററുകളും ഒരു ഡോണിയര്‍ വിമാനവും പ്രവര്‍ത്തിപ്പിക്കുന്നതിന് നിലവില്‍ മാലിദ്വീപിലുള്ള സൈനികര്‍ക്ക് പകരം നിരവധി ഓപ്ഷനുകള്‍ പരിഗണനയിലുണ്ട്. സിവിലിയന്‍ ഓപ്പറേറ്റര്‍മാരെ നിയമിക്കുക, വിമാനം പറത്തുന്നതിനും പരിപാലിക്കുന്നതിനും പരിചയമുള്ള വിരമിച്ച സൈനിക ഉദ്യോഗസ്ഥരെ എന്നിവയടക്കം പരിഗണിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്