ഐഐടി ബിരുദം ക്രിമിനല്‍ ബുദ്ധിക്ക്; മഥുരയില്‍ യുവതികളെ ചൂഷണം ചെയ്ത വ്യാജ ഗുരു പിടിയില്‍

JUNE 2, 2026, 12:01 PM

മഥുര: ആത്മീയതയുടെ മറവില്‍ യുവതികളെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്യുകയും ചെയ്ത വ്യാജ സിദ്ധന്‍ ഉത്തര്‍പ്രദേശിലെ മഥുരയില്‍ അറസ്റ്റില്‍. ഒഡീഷ സ്വദേശിയും ഐഐടി റൂര്‍ക്കിയിലെ മുന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയുമായ അഭിഷേക് മിശ്ര (29) ആണ് ഗോവര്‍ധന്‍ പൊലീസിന്റെ പിടിയിലായത്.

സാമൂഹിക മാധ്യമങ്ങളില്‍ 'ആദികര്‍ത്താ നാരായണ ദാസ്' എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഛത്തീസ്ഗഡില്‍ നിന്നുള്ള 22 വയസുകാരിയായ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ത്ഥിനി മെയ് 25 ന് നല്‍കിയ പരാതിയിലാണ് തിങ്കളാഴ്ച രാധാകുണ്ഡിലെ ആശ്രമതുല്യമായ വീട്ടില്‍ നിന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു.

വലിയ കമ്പനികളില്‍ ജോലി ചെയ്യുന്ന വനിതാ എഞ്ചിനീയര്‍മാരെയും മറ്റ് പ്രൊഫഷണലുകളെയുമാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. ഇതിനായി ലിങ്ക്ഡ്ഇന്‍, യൂട്യൂബ് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഇയാള്‍ ആയുധമാക്കി. 'രാധാ കൃപാ അമൃത' എന്ന യൂട്യൂബ് ചാനലിലൂടെ ഹിന്ദിയിലും ഇംഗ്ലീഷിലും ആത്മീയ പ്രഭാഷണങ്ങള്‍ നടത്തിയാണ് ഇയാള്‍ അനുയായികളെ ആകര്‍ഷിച്ചിരുന്നത്.

വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളെ ആത്മീയതയുടെയും മികച്ച കരിയര്‍ സാധ്യതകളുടെയും പേരില്‍ പ്രലോഭിപ്പിച്ച് കുടുംബത്തില്‍ നിന്ന് അകറ്റുന്നതായിരുന്നു ഇയാളുടെ രീതി. മഥുരയിലെ മണ്ണെണ്ണ പൊതുമേഖലാ സ്ഥാപനത്തില്‍ ട്രെയിനിയായിരുന്ന സ്വന്തം ചേച്ചിയെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് പരാതിക്കാരിയായ പെണ്‍കുട്ടി ഈ വ്യാജ ഗുരുവിന്റെ വലയിലാകുന്നത്.

പുരാതന ഹൈന്ദവ ആചാരപ്രകാരമുള്ള ഗാന്ധര്‍വ്വ വിവാഹം വാഗ്ദാനം ചെയ്താണ് ഇയാള്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്തിരുന്നത്. പ്രസാദം എന്ന വ്യാജേന മയക്കുമരുന്ന് കലര്‍ത്തിയ പാല്‍ നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിക്കുകയും ഇതിന്റെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നു രീതി എന്ന് പൊലീസ് വ്യക്തമാക്കി.

ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പരാതിക്കാരിയായ പെണ്‍കുട്ടിയില്‍ നിന്ന് 5 ലക്ഷം രൂപ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഭാരതീയ ന്യായ സംഹിതയിലെ കടുത്ത വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പൊലീസിന് നിരവധി സ്ത്രീകളുടെയും പുരുഷന്മാരുടെയും ഒട്ടേറെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ലഭിച്ചിട്ടുണ്ട്. ഇയാളുടെ താമസ സ്ഥലത്തുനിന്ന് രണ്ട് യുവതികളെയും ഒരു യുവാവിനെയും പൊലീസ് മോചിപ്പിച്ച് കുടുംബാംഗങ്ങള്‍ക്ക് കൈമാറി. ഒരു കാലത്ത് ഒപ്പമുണ്ടായിരുന്ന ഇയാളുടെ അമ്മ പോലും മകന്റെ ക്രൂരതകള്‍ മനസിലാക്കി ഇയാളെ ഉപേക്ഷിച്ചു പോയതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

അഞ്ച് വര്‍ഷം മുമ്പ് ഐഐടി റൂര്‍ക്കിയില്‍ നിന്ന് പഠിച്ചിറങ്ങിയ അഭിഷേക് മിശ്രയ്ക്ക് പ്രതിവര്‍ഷം 20 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉണ്ടായിരുന്നു. ഇതെല്ലാം ഉപേക്ഷിച്ചാണ് നാല് വര്‍ഷം മുമ്പ് മഥുരയിലെത്തി 'കഥാവാചക്' (മത പ്രഭാഷകന്‍) എന്ന പേരില്‍ ഇയാള്‍ തട്ടിപ്പ് തുടങ്ങിയത്. ആദ്യം വാടക വീട്ടിലായിരുന്ന ഇയാള്‍ പിന്നീട് സ്വന്തമായി വീട് നിര്‍മ്മിച്ച് അതിനെ ആശ്രമമാക്കി മാറ്റുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ ഇരകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam