ന്യൂഡല്‍ഹി: ധൈര്യമുണ്ടെങ്കില്‍ യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് 75 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയതിന് പ്രതികാരമായാണ് ഈ നടപടി സ്വീകരിക്കാന്‍ കെജ്രിവാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
'പ്രധാനമന്ത്രി ധൈര്യം കാണിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു, രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയിരിക്കുന്നു. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് നിങ്ങള്‍ 75 ശതമാനം തീരുവ ചുമത്തുക, രാജ്യം അത് സഹിക്കാന്‍ ഒരുക്കമാണ്. ട്രംപ് മുട്ടു മടക്കുമോ ഇല്ലയോ എന്ന് അപ്പോള്‍ കാണാം'- ഞായറാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്‍.
2025 ഡിസംബര്‍ 31 വരെ അമേരിക്കന്‍ പരുത്തി ഇറക്കുമതിക്കുള്ള 11 ശതമാനം തീരുവ ഒഴിവാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനത്തെയും കെജ്രിവാള്‍ വിമര്‍ശിച്ചു. ഈ നീക്കം തദ്ദേശീയ കര്‍ഷകര്‍ക്ക് ദോഷകരമാകുമെന്നും യുഎസിലെ കര്‍ഷകരെ സമ്പന്നരാക്കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. യുഎസില്‍ നിന്നുള്ള പരുത്തി എത്തുമ്പോള്‍ ഇവിടുത്തെ കര്‍ഷകര്‍ക്ക് വിപണിയില്‍ 900 രൂപയില്‍ താഴെയേ ലഭിക്കൂ. അവരുടെ കര്‍ഷകരെ സമ്പന്നരാക്കുകയും ഗുജറാത്തിലെ കര്‍ഷകരെ ദരിദ്രരാക്കുകയും ചെയ്യുമെന്ന് കെജ്രിവാള്‍ പറഞ്ഞു.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ വിളവെടുപ്പ് കാലത്ത്, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അനുയോജ്യമായ വിപണിയില്ലാതെ ഇന്ത്യന്‍ പരുത്തി ഉത്പാദകരെ കേന്ദ്രത്തിന്റെ നയം ദുര്‍ബലരാക്കിയിരിക്കുകയാണെന്നും കര്‍ഷക ആത്മഹത്യകള്‍ക്കിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കിയെന്ന് കെജ്രിവാള്‍ ആരോപിച്ചു. യുഎസ് തീരുവകള്‍ക്ക് ശക്തമായി മറുപടി നല്‍കുന്നതിന് പകരം മോദി എന്തിനാണ് തലകുനിച്ചതെന്നും അദ്ദേഹം ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്